മതനിരപേക്ഷമായ വ്രതശുദ്ധിയുടെ രണ്ടു പതിറ്റാണ്ട്, കാസർകോട് ജില്ലാ പഞ്ചായത്ത് ഡ്രൈവർ സുരേഷും തിരുവനന്തും സ്വദേശി കണ്ണൂർ ഗവ. ആയുർവേദ കോളജ് സൂപ്രണ്ട് ഡോ. ഗോപകുമാറും അനുഭവങ്ങൾ പങ്കിടുന്നു
20 വർഷമായി മുടങ്ങാതെ റമദാൻ നോമ്പെടുക്കുന്നു കാസർകോട് ജില്ലാ പഞ്ചായത്ത് ഡ്രൈവർ സുരേഷും തിരുവനന്തും സ്വദേശി ഡോ. ഗോപകുമാറും
ശബരിമല മണ്ഡലകാലത്താണ് കണ്ണൂർ ഗവ. ആയുർവേദ കോളജിന് സമീപത്തെ മസ്ജിദിലേക്ക് അധ്യാപകനായ ഡോ. എസ്. ഗോപകുമാർ നോമ്പുമുറിക്കാൻ കടന്നുചെന്നത്.
ശബരിമലയ്ക്ക് പോകാൻ മാലയിട്ട സന്ദർഭത്തിലായിരുന്നു പള്ളിയങ്കണത്തിലെത്തിയത്. ‘സ്വാമി’ ഇഫ്താറിനെത്തിയപ്പോൾ പള്ളി കമ്മിറ്റി പ്രത്യേക സ്ഥലമൊരുക്കി സന്തോഷപൂർവം വരവേറ്റു. വെജിറ്റേറിയൻ വിഭവവും പ്രത്യേക പാത്രങ്ങളും നൽകി.
ആ നോമ്പുകാലം മുഴുവൻ ആ പരിഗണനകിട്ടി. ഇത്തരം ആതിഥ്യമര്യാദകൾ ഒരിക്കലും മനസ്സിൽനിന്ന് മായില്ലെന്ന് ഡോക്ടർ ഗോപകുമാർ. ആ നോമ്പ് ഈ വിഷുക്കാലത്തും മാറ്റമില്ലാതെ അനുഷ്ഠിക്കുകയാണ് ഇപ്പോൾ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടുകൂടിയായ ഡോക്ടർ.
2002ലാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ഡോ. ഗോപകുമാർ കണ്ണൂർ ഗവ. ആയുർവേദ കോളജിൽ അധ്യാപകനായിയെത്തുന്നത്. 2003ലെ റമദാനിൽ ക്ലാസിലെ നിരവധി മുസ് ലിം വിദ്യാർഥികൾ വ്രതമനുഷ്ഠിക്കുന്നതു കണ്ടപ്പോഴാണ് അവരോട് ഐക്യപ്പെട്ട് നോമ്പെടുക്കാൻ തീരുമാനിച്ചത്.
മഗ്രിബിന് അവരോടൊപ്പം പള്ളിയിൽ പോയി നോമ്പുതുറന്നു. ഇതിനിടയിലാണ് സ്ഥിരമായി ശബരിമലയിൽ പോകുന്ന മണ്ഡലകാലത്ത് റമദാൻ വന്നെത്തിയതും മാലയിട്ട് വ്രതം തുടർന്നതും. 2003ൽ തുടങ്ങിയ വ്രതമെടുക്കൽ 2023ലെ വിഷുക്കാലത്തും നിർത്താതെ തുടരുന്നു. ആരും പറഞ്ഞിട്ടല്ല. നിശ്ചയദാർഢ്യമാണ് നോമ്പെടുക്കാനുള്ള ധൈര്യം നൽകിയത്.
പല ദിവസങ്ങളിലും വീട്ടിൽ ഇഫ്താർ വിഭവങ്ങൾ എത്തിച്ചു നൽകിയത് 75 പിന്നിട്ട പിതാവ് ശ്രീകണ്ഠൻ നായരായിരുന്നു. ഉത്തരേന്ത്യയിൽ എത്തിയപ്പോൾ ഗോപകുമാർ എന്ന പേരുകാരൻ റമദാൻ വ്രതമെടുക്കുന്നത് പലരെയും അത്ഭുതപ്പെടുത്തി.
25 വർഷം മല ചവിട്ടിയ ഗുരുസ്വാമിയാണ് ഡോക്ടർ. ഇതിൽ പലവർഷങ്ങളിലും നോമ്പെടുത്താണ് മല കയറിയത്. വെള്ളവും ഉപേക്ഷിച്ച് മല കയറിയപ്പോഴുണ്ടായ പോസിറ്റിവ് ഇന്ധനം പറഞ്ഞറിയിക്കാനാവാത്തത്. ഗുരുസ്വാമിയായതിനാൽ പലപ്പോഴും മറ്റുള്ളവരെ കൂടി മലകയറാൻ സഹായിക്കേണ്ടി വന്നിട്ടുണ്ട്.
വ്രതം ദഹന വ്യവസ്ഥയെ പോസിറ്റിവായി ക്രമപ്പെടുത്തുന്നു. ആഹാര നിയന്ത്രണം പൂർണമായും പാലിക്കുന്നു. ആമാശയമാണ് രോഗത്തിന്റെ പ്രവേശന കവാടമെന്നാണ് ആയുർവേദം. വിശുദ്ധ ഖുർആൻ വ്രതമനുഷ്ഠിക്കാൻ നിർദേശിച്ചതിലൂടെ പറഞ്ഞതും മറ്റൊന്നല്ലെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.
സുരേഷും വ്രതത്തിലാണ്. കഴിഞ്ഞ 20 വര്‍ഷമായി റമദാനിലെ 30 ദിനങ്ങളിലും സുരേഷ് നോമ്പെടുക്കുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ കാര്‍ ഡ്രൈവറാണ് പയ്യന്നൂര്‍ സ്വദേശി സുരേഷ്. കഴിഞ്ഞ ദിവസം വൈസ്രോയി റസ്റ്റോറന്റില്‍ വെച്ച് കുടുംബാംഗങ്ങള്‍ക്കും സുരേഷിനുമൊപ്പം നോമ്പുതുറയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബേബി ബാലകൃഷ്ണന് തന്നെയാണ് സുരേഷ് രണ്ട് പതിറ്റാണ്ടായി തുടരുന്ന നോമ്പു പിടിത്തം വെളിപ്പെടുത്തിയത്. എറണാകുളത്ത് പൈപ്പ് ഫിറ്റിംഗ്സിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലംമുതലാണ് സുരേഷ് 30 ദിവസവും നോമ്പെടുക്കാന്‍ തുടങ്ങിയത്.
‘റമദാനിലെ വൈകുന്നേരങ്ങളില്‍ കമ്പനി പ്രതിനിധിയായി കളക്ഷന്‍ ചെല്ലുമ്പോൾ സുഹൃത്തുക്കളൊക്കെ നോമ്പ് തുറക്കുന്ന
തിരക്കിലായിരിക്കും. അവര്‍ക്കൊപ്പം നോമ്പ് തുറക്ക് കൂട്ടിരുന്നപ്പോള്‍ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കി. മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ ലഭിക്കുന്നു. പിന്നീട് സ്ഥിരമായി എല്ലാ റമദാനിലും നോമ്പെടുക്കാന്‍ തുടങ്ങി. വളരെ വിശേഷപ്പെട്ട ദിവസങ്ങളില്‍ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. എളമ്പച്ചിയിലെ ശംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂരിലെ റോയല്‍ സിറ്റി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ വ്രതാനുഷ്ഠാനം കൂടുതല്‍ ശക്തമാക്കി. ഇത്തവണ വിഷുവിന് മാത്രം ഉപേക്ഷിക്കും. ബാക്കി എല്ലാ ദിവസങ്ങളിലും നോമ്പെടുക്കും’
സുരേഷ് പറഞ്ഞു.
പുലര്‍ച്ചെ നാലര മണിക്ക് എണീറ്റ് ചായയും ലഘുഭക്ഷണവും കഴിക്കും. സന്ധ്യക്ക് വീട്ടിനടുത്തുള്ള പള്ളിയില്‍ നിന്ന് മഗ്രിബ് ബാങ്ക് കേള്‍ക്കാം. ആ സമയത്ത് നോമ്പ് തുറക്കും. മിക്കപ്പോഴും മുസ്ലിം സുഹൃത്തുക്കള്‍ക്കൊപ്പമായിരിക്കും നോമ്പ് തുറ.
ഒന്നരവര്‍ഷമായി ബേബി ബാലകൃഷ്ണനോടൊപ്പം ജില്ലാ പഞ്ചായത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ബേബി ബാലകൃഷ്ണന്റെ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് സുരേഷ് പറഞ്ഞു. ഭാര്യ സരിതയും മക്കളായ തുഷാറും നിഹാറും നല്ല പിന്തുണയാണ് തന്റെ വ്രതാനുഷ്ഠാനത്തിന് നല്‍കുന്നതെന്നും സുരേഷ് പറഞ്ഞു.