KeralaNEWS

സൂര്യാഘാതമേൽക്കുന്നതിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്

രോ ദിവസവും ചൂട് കൂടിവരുന്ന സാഹചര്യത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. ചൂട് കൂടുന്നതിന് അനുസരിച്ച് ഇതിനോടനുബന്ധമായ ആരോഗ്യപരമായ വെല്ലുവിളികളും കൂടിവരും. പ്രത്യേകിച്ച് സൂര്യാഘാതമാണ് വേനല്‍ കടുക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളിയായി ഉയര്‍ന്നുവരാറ്.

നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സാഹചര്യം കഴിയുന്നതും ഒഴിവാക്കുക. ചൂട് ഏറ്റവുമധികം കനക്കുന്ന മണിക്കൂറുകളില്‍ പ്രത്യേകിച്ചും പുറത്ത് നില്‍ക്കാതിരിക്കല്‍- എന്നിവയാണ് ഏറെ ശ്രദ്ധിക്കാനുള്ളത്. ഇതിനൊപ്പം തന്നെ ഡയറ്റിലും ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

Signature-ad

ഇത്തരത്തില്‍ സൂര്യാഘാതത്തില്‍ നിന്ന് സുരക്ഷിതരാകാൻ ഡയറ്റില്‍ ശ്രദ്ധിക്കാവുന്ന- ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. അതായത് ചില ഭക്ഷണങ്ങള്‍ ചൂട് കൂടിയ കാലാവസ്ഥയില്‍ പതിവായി കഴിക്കുന്നത് മൂലം സൂര്യാഘാതമേല്‍ക്കുന്നതിനെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന് ഒരളവ് വരെ സാധിക്കും. ഇങ്ങനെ കഴിക്കാവുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചറിയാം.

  1. തീര്‍ച്ചയായും വേനലാകുമ്പോള്‍ ഏവരും ഡയറ്റിലുള്‍പ്പെടുത്തുന്ന ഒന്നാണ് കക്കിരി. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്നു. കാരണം കക്കിരിയില്‍ 96 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ചൂട് കൂടുമ്പോള്‍ ശരീരത്തിലെ ജലാംശം മുഴുവൻ ഇല്ലാതായിപ്പോകുന്നതാണ് നമുക്ക് പ്രതിസന്ധിയാകുന്നത്. എന്നാല്‍ കക്കിരി പോലുള്ള ഭക്ഷണങ്ങള്‍ ഈ പ്രതിസന്ധിയില്ലാതാക്കാൻ സഹായിക്കുന്നു.
  2. വേനലാകുമ്പോള്‍ ഡിമാൻഡ് കൂടുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ് തണ്ണിമത്തൻ. ഇതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനാണ് ഏറെയും സഹായകമാകുന്നത്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘ഇലക്ട്രോലൈറ്റ്സ്’ഉം ആന്‍റി-ഓക്സിഡന്‍റ്സുമാണെങ്കില്‍ ശരീരത്തിന് ഏറെ നല്ലതാണ്. അതുപോലെ തന്നെ തണ്ണിമത്തനിലുള്ള പൊട്ടാസ്യം, അമിനോ ആസിഡ്സ് എന്നിവയെല്ലാം പേശികള്‍ക്ക് വളരെ നല്ലതാണ്.
  3. വേനലാകുമ്പോള്‍ പരമ്പരാഗതമായി തന്നെ നമ്മുടെ നാട്ടില്‍ വ്യാപകമാകുന്നൊരു പാനീയമാണ് സംഭാരം അല്ലെങ്കില്‍ മോര്. വേനലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ നല്ലരീതിയില്‍ സഹായിക്കുന്നൊരു വിഭവമാണിതെന്ന് നിസംശയം പറയാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനുമെല്ലാം ഇത് സഹായിക്കുന്നു.
  4. പെരുഞ്ചീരകവും വേനല്‍ക്കാല ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നൊരു ചേരുവയാണ്. ഇവ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ദഹനം സുഗമമാക്കുന്നതിനും ഗ്യാസ് പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനുമെല്ലാം പെരുഞ്ചീരകം ഏറെ സഹായകമാണ്.
  5. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പാനീയമാണ്. എന്നാലിത് ഒരിക്കലും നേരിട്ട് കഴിക്കരുത്. വെള്ളത്തില്‍ ചേര്‍ത്ത് വേണം ഇത് കഴിക്കാൻ. അല്‍പം തേൻ കൂടി ചേര്‍ക്കുന്നത് ഏറെ നല്ലത്. ചൂട് മൂലം ശരീരത്തില്‍ സോഡിയം,  പൊട്ടാസ്യം എന്നീ ഘടകങ്ങളെല്ലാം കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സഹായിക്കുന്നു.

Back to top button
error: