വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്‌മാംശമുള്ള, മജീദ്- സുഹ്റമാരുടെ ദുരന്ത പ്രണയകഥ പറഞ്ഞ ‘ബാല്യകാലസഖി’ എത്തിയിട്ട് ഇന്ന് 56 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്‌മകഥാംശമുള്ള നോവൽ ‘ബാല്യകാലസഖി’യുടെ ആദ്യ ചലച്ചിത്രാവിഷ്ക്കാരത്തിന് 56 വർഷപ്പഴക്കം. 1967 ഏപ്രിൽ 14 നായിരുന്നു ബഷീർ തിരക്കഥയെഴുതി ശശികുമാർ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ റിലീസ്. മജീദ്- സുഹ്റമാരുടെ ദുരന്ത പ്രണയകഥയാണ് ചിത്രം പറഞ്ഞത്. നസീർ, ഷീല, കൊട്ടാരക്കര, മുത്തയ്യ തുടങ്ങിയവരായിരുന്നു മുഖ്യതാരങ്ങൾ.
76 പേജുള്ള ചെറു നോവലാണ് ബാല്യകാലസഖി. മജീദ് പണക്കാരനും മണ്ടശിരോമണിയും. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ആയിരുന്നു മജീദിന്റെ കണക്ക്. സുഹ്‌റ കണക്കിൽ മിടുക്കിയായിരുന്നു. തരംകിട്ടുമ്പോഴൊക്കെ തമ്മിൽത്തല്ലി വളർന്ന മജീദും സുഹ്‌റയും വളർന്നപ്പോൾ തീവ്രാനുരാഗത്തിലായി. മജീദ് ബാപ്പയുമായി വഴക്കിട്ട് വീട്ടിൽ നിന്നും പുറത്തായി.
അയാളുടെ തിരിച്ചുവരവ് കാത്തിരുന്ന സുഹ്റയ്ക്ക് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരാളുടെ രണ്ടാം ഭാര്യയാകേണ്ടി വന്നു. മന്തുകാലനും, ഇറച്ചിവെട്ടുകാരനും നീചനുമായിരുന്നു സുഹ്റയുടെ ഭർത്താവ്. സുഹ്‌റ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോയി. മജീദ് എല്ലുമുറിയെ പണിയെടുത്ത് പച്ച പിടിച്ചു വരുമ്പോഴേയ്ക്കും സുഹ്‌റയെ ക്ഷയരോഗം കാർന്ന് തിന്നിരുന്നു.
പി ഭാസ്‌ക്കരൻ-എംഎസ് ബാബുരാജ് ടീമിന്റെ ഗാനങ്ങൾ പ്രതീക്ഷിച്ചത്ര ശ്രദ്ധിക്കപ്പെട്ടില്ല. ചിത്രത്തെപ്പോലെ തന്നെ.
1942-ൽ പ്രസിദ്ധീകരിച്ച ബഷീറിന്റെ ‘ബാല്യകാലസഖി’ പിന്നീട് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പ്രമോദ് പയ്യന്നൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് പുറത്തു വന്നു.2014 ഫെബ്രുവരി 7നാണ് ചിത്രം റിലീസ് ചെയ്തത്.