Health

ഉറക്കക്കുറവുള്ള ആളുകള്‍ക്ക് സ്ട്രോക്ക്  വരാൻ സാധ്യത, ഏഴു മണിക്കൂർ ഉറങ്ങൂ; അപകടരേഖ അതിജീവിക്കൂ

   ഉറക്കക്കുറവുള്ള ആളുകള്‍ക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേണലായ ന്യൂറോളജിയുടെ ഓണ്‍ലൈന്‍ ലക്കത്തില്‍ പഠനം പ്രസിദ്ധീകരിച്ചു.

ആരോ​ഗ്യകരമായ ശരീരത്തിന് ഉറക്കം പ്രധാനമാണ്. ഉറക്കം കൂടിയാലും കുറഞ്ഞാലും ആരോ​ഗ്യപ്രശ്നങ്ങൾ പിന്നാലെയെത്തും. ഉറക്കസംബന്ധമായ പ്രശ്നങ്ങൾ മൂലം മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ നിരവധിയുണ്ട്. മതിയായ ഉറക്കം ലഭിക്കാതിരിക്കുകയും അമിതമായ കൂർക്കം വലി പോലുള്ള ഉറക്ക പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നവരില്‍ പിൽക്കാലത്ത് സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പങ്കുവെക്കുന്നത്.

Signature-ad

ഉറക്കം അമിതമാവുക, തീരെ കുറയുക, മയക്കത്തിന്റെ അളവ് കൂടുക, സുഖകരമല്ലാത്ത ഉറക്കം, കൂർക്കംവലി, സ്ലീപ് അപ്നിയ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരെയാണ് ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരായി കണക്കാക്കുന്നത്. ഈ പറഞ്ഞ ലക്ഷണങ്ങളിൽ ഭൂരിഭാ​ഗവും ഉള്ളവരിൽ പിൽക്കാലത്ത് സ്ട്രോക്ക് സാധ്യത കൂടുതലാണ് എന്നാണ് ​ഗവേഷകർ പറയുന്നത്.

അയർലൻഡിലെ ​ഗോൽവേ സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. സ്ട്രോക്ക് പ്രതിരോധത്തിൽ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നതാണ് തങ്ങളുടെ പഠനഫലമെന്ന് ​ഗവേഷകർ പറയുന്നു. 4496 പേരെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ശരാശരി 62 വയസ് പ്രായമുള്ളവരാണ് പഠനത്തിൽ പങ്കാളികളായത്.

ഉറക്കത്തിന്റെ ദൈർഘ്യം, സ്വഭാവം, കൂർക്കംവലിക്കുന്ന ശീലം, ഉറക്കത്തിനിടയിലെ ശ്വസനപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഇവരോട് ചോദിച്ചു. ശരാശരി ഉറക്കം ലഭിച്ചവരെ അപേക്ഷിച്ച്, കൂടുതൽ സമയം ഉറങ്ങിയവർക്കും തീരെ കുറവ് സമയം ഉറങ്ങിയവർക്കും സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ കണ്ടെത്തി. സ്ട്രോക്ക് ബാധിച്ച 162 പേർക്ക് അഞ്ചുമണിക്കൂറിൽ കുറവു മാത്രമേ ഉറക്കം ലഭിച്ചിരുന്നുള്ളൂ എന്നും മറ്റ് 151 പേർ ഒമ്പതു മണിക്കൂറിൽ അധികം ഉറക്കം ലഭിച്ചിരുന്നവരാണെന്നും ​ഗവേഷകർ കണ്ടെത്തി.

അഞ്ചുമണിക്കൂറിൽ താഴെ ഉറക്കം ലഭിച്ചവരിൽ, ശരാശരി ഏഴുമണിക്കൂർ ഉറക്കം ലഭിച്ചവരെ അപേക്ഷിച്ച് സ്ട്രോക്ക് വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. അതുപോലെ തന്നെ ഏഴുമണിക്കൂർ ഉറക്കം ലഭിക്കുന്നവരെ അപേക്ഷിച്ച്, ഒമ്പതു മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ സ്ട്രോക്കിനുള്ള സാധ്യത രണ്ടുമടങ്ങ് കൂടുതലാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. മയക്കത്തിന്റെ ദൈർഘ്യം ഒരുമണിക്കൂറിൽ അധികം ആകുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് സ്ട്രോക്ക് സാധ്യത 88 ശതമാനം ആണെന്നും ​ഗവേഷകർ കണ്ടെത്തി.

കൂടാതെ കൂർക്കംവലിയും സ്ലീപ് അപ്നിയയുമൊക്കെ സ്ട്രോക്ക് സാധ്യത കൂട്ടുന്നതിനെക്കുറിച്ചും ​ഗവേഷകർ പറയുന്നുണ്ട്. അമിതമായി കൂർക്കം വലിക്കുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് സ്ട്രോക്കിനുള്ള സാധ്യത 91ശതമാനവും സ്ലീപ് അപ്നിയ ഉള്ളവരിൽ അല്ലാത്തവരേക്കാൾ മൂന്നുമടങ്ങും കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു.

അതിനാൽ സ്ട്രോക്ക് പ്രതിരോധത്തിൽ ഡോക്ടർമാർ ഉറക്കത്തിനും പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും ഉറക്കം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകണമെന്നും ​ഗവേഷകർ പറയുന്നുണ്ട്.

അഞ്ചുമണിക്കൂറിൽ കുറവ് ഉറങ്ങുന്നവർ നേരിടാൻ പോകുന്ന ആരോ​ഗ്യപ്രശ്നങ്ങളെക്കുറിച്ച് അടുത്തിടെ മറ്റൊരു പഠനം പുറത്തുവന്നിരുന്നു. പാരീസ് സൈറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. സെവെറിൻ സാബിയയുടെ നേതൃത്വത്തിലാണ് പ്രസ്തുത പഠനം സംഘടിപ്പിച്ചത്. അഞ്ചുമണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്ന ശരാശരി അമ്പതു വയസ്സുപ്രായക്കാരിൽ ഹൃദ്രോ​ഗങ്ങൾ, ഡയബറ്റിസ്, കാൻസർ മുതലയാവ കാണപ്പെടുന്നതായാണ് ഗവേഷണത്തിൽ വ്യക്തമായത്. ഏഴുമണിക്കൂർ ഉറക്കം ലഭിക്കുന്നവരെ അപേക്ഷിച്ച് ഉറക്കക്കുറവ് നേരിടുന്നവരിൽ രോ​ഗസാധ്യത ഇരുപതുശതമാനത്തോളം അധികമാണെന്നാണ് പഠനം പറയുന്നത്.

പ്രായം കൂടുന്തോറും ആളുകളുടെ ഉറക്കത്തിന്റെ ശീലത്തിലും സ്വഭാവത്തിലും മാറ്റമുണ്ടാകും. എങ്കിലും രാത്രി ഏഴുമുതൽ എട്ടുമണിക്കൂർ വരെ ഉറങ്ങുന്നതാണ് അഭികാമ്യം. ഇതിൽ കൂടുതലോ കുറവോ ഉറങ്ങുന്നത് ആരോ​ഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തിയേക്കാം.

Back to top button
error: