IndiaNEWS

വിമതനേതാക്കളെ ചേര്‍ത്തു പിടിക്കാന്‍ കോണ്‍ഗ്രസ്? പാര്‍ട്ടിവിട്ട സിബലും അടുക്കുന്നു

ന്യൂഡല്‍ഹി: ജി 23 ഗ്രൂപ്പിന്റെ ഭാഗമായി നിന്ന് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മാറ്റിനിര്‍ത്തിയെന്ന് കരുതപ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ ജി 23 നേതാക്കളുടെ പിന്തുണയോടെ ശശി തരൂര്‍ മത്സരത്തിനിറങ്ങിയത് മുതല്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ശശി തരൂര്‍, മനീഷ് തിവാരി, ആനന്ദ് ശര്‍മ്മ എന്നീ നേതാക്കളെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ബിജെപിയിലേക്ക് കുറച്ചധികം നേതാക്കള്‍ പോയ ഘട്ടത്തിലാണ് കോണ്‍ഗ്രസ് ഈ നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ ബിജെപിയിലേക്കുള്ള കൂറുമാറ്റവുമായി ഇപ്പോള്‍ എടുക്കുന്ന നടപടികള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.

Signature-ad

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ അഞ്ചിന് എഐസിസി ആസ്ഥാനത്ത് ഒരു വാര്‍ത്താ സമ്മേളനം നടത്താന്‍ മനീഷ് തിവാരിക്ക് ഹൈക്കമാന്‍ഡ് അവസരം നല്‍കി. ചൈന അതിര്‍ത്തി പ്രശ്നത്തിലായിരുന്നു വാര്‍ത്താസമ്മേളനം. കോണ്‍ഗ്രസ് ഓഫീസില്‍ അവസാനമായി മനീഷ് തിവാരി വാര്‍ത്താ സമ്മേളനം നടത്തിയത് 2020 മാര്‍ച്ചിലാണ്.

ബുധനാഴ്ച മുതിര്‍ന്ന നേതാവായ ആനന്ദ് ശര്‍മ്മയും പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തി. ഖാര്‍ഗെക്കെതിരേ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് 1000 ലധികം വോട്ടുകള്‍ നേടിയ ശശി തരൂരിനെയും പാര്‍ട്ടിക്ക് വേണം എന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് ഖാര്‍ഗെ തന്നെ മുന്‍കൈയ്യെടുത്ത് തരൂരിനെ അയച്ചിരുന്നു.

പ്രവര്‍ത്തക സമിതിയില്‍ തരൂരിനെ ഉള്‍പ്പെടുത്തുമോ എന്ന് ഇപ്പോള്‍ ഉറപ്പില്ല, പക്ഷെ തരൂരിന് പാര്‍ട്ടി വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. നേരത്തെ കോണ്‍ഗ്രസ് വിട്ട, നിലവില്‍ രാജ്യസഭ എംപിയായ കപില്‍ സിബല്‍ പാര്‍ട്ടിയോട് വീണ്ടും അടുത്തിട്ടുണ്ട്. ബിജെപിക്കെതിരേ കോണ്‍ഗ്രസിന് വേണ്ടി വാദിക്കാനും രാഹുല്‍ ഗാന്ധിയുടെ അയോഗ്യതക്കെതിരേ സംസാരിക്കാനും മുതിര്‍ന്ന അഭിഭാഷകന്‍കൂടിയായ സിബല്‍ തയ്യാറായിരുന്നു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി 23 ഗ്രൂപ്പില്‍ തന്നെ വിള്ളലുണ്ടായിരുന്നു. ഗ്രൂപ്പിലെ ചില നേതാക്കള്‍ ഖാര്‍ഗെക്ക് വേണ്ടിയും ചിലര്‍ തരൂരിന് വേണ്ടിയും രംഗത്തെത്തിയിരുന്നു. പ്ലീനറി സമ്മേളനത്തിലും ഇതേ സ്ഥിതിയാണുണ്ടായത്. ഈ അവസരം ഉപയോഗപ്പെടുത്തി നേതാക്കളെ എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് പോകണം എന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിക്കുന്നത്.

Back to top button
error: