കൊട്ടും കുരവയുമായി വന്ന് കേരളമാകെ കലാപത്തീ പടർത്തിയ കെ. റെയിൽ പദ്ധതിയുടെ കാര്യം ഏതാണ്ട് തീരുമാനമായി. ഹൈസ്പീഡ് ടെയിൻ, വന്ദേ ഭാരത് രണ്ടെണ്ണം കേരളത്തിന് അനുവദിച്ചു. ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. ‘യുവം’ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്
പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കൊച്ചിയിൽ നടക്കും. പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയാണിത്. ഏപ്രിൽ 24ന് കൊച്ചി നേവൽ ബെയ്സ് മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനി വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക.
വന്ദേ ഭാരതിൻ്റെ സർവീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിൻ്റെ സർവീസ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലാണ് സ്റ്റോപ്പുകൾ.
വന്ദേ ഭാരതിനായി രണ്ട് പിറ്റ് ലൈനുകൾ വൈദ്യുദീകരിച്ചിട്ടുണ്ട്. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ് എന്നാണ് സൂചന. യാത്രക്കാരുടെ വർധനവ് അനുസരിച്ച് കോച്ചുകളുടെ എണ്ണവും കൂട്ടിയേക്കും.
വന്ദേഭാരത് ഓടിക്കണമെങ്കിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുകയും സിഗ്നൽസംവിധാനം മെച്ചപ്പെടുത്തുകയും വേണം. ചിലയിടങ്ങളിൽ വൈദ്യുതിലൈനുകളുടെ ഉയരവും വർധിപ്പിക്കേണ്ടതുണ്ട്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്.
ഐ.സി.എഫിൽ എട്ടു കോച്ചുകൾ അടങ്ങിയ മൂന്ന് റേക്കുകൾ തയ്യാറായിട്ടുണ്ട്. എല്ലാമാസവും നാലോ അഞ്ചോ റേക്കുകൾ തയ്യാറാക്കാനുള്ള ജോലിയാണ് നടക്കുന്നത്. കേന്ദ്ര ബജറ്റ് അവതരണവേളയിൽ റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി, മഹാരാഷ്ട്രയിലെ ലാത്തൂർ കോച്ച് ഫാക്ടറി, ഹരിയാണയിലെ സോനിപത്ത് കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽനിന്നുകൂടി വന്ദേഭാരതിന്റെ കോച്ചുകൾ നിർമിക്കാൻ പ്ലാൻണ്ട്. എന്നാൽ, ഇവിടങ്ങളിൽ ഇതിനുള്ള അടിസ്ഥാനസൗകര്യമൊന്നും ഒരുക്കിയിട്ടില്ല. ഇപ്പോൾ പെരമ്പൂരിൽ മാത്രമാണ് കോച്ചുകൾ നിർമിക്കുന്നത്.