ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന ഗണ്ടാത്തലവന്‍ ആതിഖ് അഹമ്മദിന്റെ മകന്‍ അസദ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അസദിനൊപ്പം ഗുലാമെന്നയാളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അടുത്തിടെ വന്‍കോളിളക്കമുണ്ടാക്കിയ ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളാണ് ഇരുവരും. ഝാന്‍സിക്കു സമീപം യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
അസദിനെ ജീവനോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് യുപി എസ്ടിഎഫ് പറഞ്ഞു. അസദിന്റെ കയ്യില്‍ നിന്ന് വിദേശ നിര്‍മ്മിത തോക്കുകളും പിടികൂടി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. കേസിലെ മറ്റൊരു പ്രതിയായ വിജയ് ചൗധരി മാര്‍ച്ച് ഏഴിന് മറ്റൊരു ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. 2005 ജനുവരിയില്‍ ബിഎസ്പി എംഎല്‍എ രാജു പാല്‍ വെടിയേറ്റു മരിച്ച കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാല്‍.
നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയും സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ എംപിയും എംഎല്‍എയഒമാണ് അതീഖ് അഹമ്മദ്. ”നിങ്ങള്‍ മാധ്യമങ്ങള്‍ ഉള്ളതുകൊണ്ടു മാത്രമാണ് ഞാന്‍ സുരക്ഷിതനായിരിക്കുന്നത്” എന്നു കഴിഞ്ഞദിവസം ആതിഖ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. പേടിച്ചുവിറച്ച ഗുണ്ടകള്‍ പാന്റില്‍ മൂത്രമൊഴിച്ചു എന്നായിരുന്നു യോഗിയുടെ അവകാശവാദം. ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന നിലപാടാണു യോഗിയുടേത്.