കൊച്ചി: സീറോ മലബാര്‍ സഭാധ്യക്ഷന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ എറണാകുളം – അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. രാജ്യത്ത് ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന കര്‍ദ്ദിനാളിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് മുഖപത്രം വിമര്‍ശിച്ചത്.
ക്രൈസ്തവസഭാ തലവന്മാര് നടത്തുന്നത് ബിജെപി പ്രീണനമാണ്. മത പീഡനങ്ങള്‍ പരിഗണിക്കാതെയുള്ള നിലപാടാണ് സഭാ തലവന്മാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ഇന്ത്യയില്‍ എക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന ആലഞ്ചേരിയുടെ പരാമര്‍ശം സമകാലിക ക്രിസ്ത്യന്‍ ന്യൂനപക്ഷ വേട്ടയെ വല്ലാതെ ലളിതവത്കരിക്കുന്നതാണെന്ന് സത്യദീപം വിമര്‍ശിച്ചു.
മതംമാറ്റ നിരോധന നിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുകയാണ്. ഇതെല്ലാം കര്‍ദിനാള്‍ കാണാതെ പോകുകയാണ്. 2023 ഫെബ്രുവരി ഇരുപതിന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ വിശ്വാസികള്‍ ഒത്തുകൂടിയത് എന്തിനാണെന്ന് കര്‍ദിനാള്‍ മറക്കരുത്. ഗോള്‍വര്‍ക്കറുടെ വിചാരധാരയില്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ക്രിസ്ത്യാനികളെയും മുസ്ലീംങ്ങളെയും കമ്മ്യൂണിസ്റ്റുകാരുമാണുള്ളത്. ഈ ഈ നിലപാട് തുടരുമ്പോള്‍ സഭാ നേതൃത്വത്തിന്റെ വിചാരധാരയില്‍ അടിയന്തര മാറ്റമുണ്ടായതിന്റെ അടിസ്ഥാനം എന്താണെന്നും സത്യദീപം ചോദിക്കുന്നുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ഭവനങ്ങളിലും അരമനകളിലും സന്ദര്‍ശനം നടത്തിയ ബിജെപി നേതാക്കളുടെ നീക്കത്തെയും നേതാക്കളെ സ്വീകരിച്ച സഭാ മേലാധികാരികളുടെ നിലപാടിനെയും സത്യദീപം ചോദ്യം ചെയ്തു. വിരുന്ന് വന്നവരോട് സ്റ്റാന്‍സ്വാമി മരിച്ചത് എങ്ങനെയാണെന്നും കാന്ദമാലില്‍ ഇപ്പോഴും നീതി വൈകുന്നത് എന്തുകൊണ്ടാണെന്നും ചോദിക്കാത്തതിലൂടെ തങ്ങളുടെ രഷ്ട്രീയ മര്യാദയാണ് മെത്രാന്മാര് കാണിച്ചത്. 2022ല്‍ മാത്രം 598 അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരേ നടന്നുവെന്നാണ് യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറത്തിന്റെ കണ്ടെത്തല്‍ എന്ന് സത്യദീപം പറയുന്നുണ്ട്.
ഹൈന്ദവ തീവ്രവാദ സംഘനകളുടെ ഭീഷണി മൂലം ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ ഭീഷണിമൂലം ഗ്രാമം വിട്ടത്. മധ്യപ്രദേശിലെ ജാബുവാ രൂപതയിലെ വിവിധ പള്ളികളില്‍ വിശുദ്ധവാരം നടന്നത് പോലീസ് സുരക്ഷയിലാണ്. കേരളത്തിന് പുറത്ത് ക്രൈസ്തവര്‍ക്ക് കാര്യങ്ങള്‍ ശുഭകരമല്ല. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കൊണ്ട് കോടതി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. ഛത്തീസ്ഗഡില്‍ മാത്രം 600 അതിക്രമങ്ങള്‍ നടന്നതായി ഹര്‍ജിയില്‍ പറയുന്നുണ്ട്. പ്രാര്‍ഥനാ സമ്മേളനങ്ങള്‍ തടസപ്പെടുത്തിയും, വ്യാജ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തും അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യം അതീവ ഗുരുതരമാണെന്നും സത്യദീപം പറയുന്നു.