പാലക്കാട്: റിട്ട. റെയില്‍വെ ജീവനക്കാരന്റെ മരണത്തില്‍ രണ്ട് തമിഴ്‌നാട് സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നാടോടി സ്ത്രീയെയും യുവാവിനെയുമാണ് ഹേമാംബിക നഗര്‍ പോലീസ് കോയമ്പത്തൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പാലക്കാട് അകത്തേത്തറ മേലെപ്പുറം കുട്ടപ്പുരയില്‍ പ്രഭാകരനെ (62) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് തമിഴ്‌നാട് സ്വദേശികളെ കസ്റ്റഡിയിലെടുത്തത്.
മോഷണശ്രമത്തിനിടെ ഇരുവരും പ്രഭാകരനെ മര്‍ദിച്ചും മറ്റും കൊലപ്പെടുത്തിയതാണെന്ന് സൂചനയുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രഭാകരന്‍ ഒറ്റയ്ക്കു താമസിക്കുകയാണെന്നു മനസിലാക്കിയ ഇരുവരും പാഴ്വസ്തുക്കള്‍ ശേഖരിക്കാനെന്ന പേരില്‍ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്നു.
റിട്ട. റെയില്‍വെ ജീവനക്കാരനായ പ്രഭാകരനെ ഈ മാസം അഞ്ചിനാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിലെ സൂചനകളില്‍ നിന്നാണു കൊലപാതകമാണെന്നു തെളിഞ്ഞത്. പ്രഭാകരന്റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. ശരീരത്തില്‍ മുറിപ്പാടുകളും ആന്തരിക ക്ഷതങ്ങളുമുണ്ടായിരുന്നു. രണ്ടു ദിവസമായി പ്രഭാകരനെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്നു സഹോദരന്‍ എത്തി പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടത്.