KeralaNEWS

ബിജെപി പ്രീണനം: മാർ ആലഞ്ചേരിക്കെതിരെ അതിരൂപതാ മുഖപത്രവും ഫാ.പോള്‍ തേലക്കാട്ടും

    ക്രൈസ്തവസഭാ തലവന്‍മാരുടേത് ബിജെപി പ്രീണനമാണെന്ന വിമർശനവുമായി എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രം ‘സത്യദീപം’. രാജ്യത്ത് ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന കർദ്ദിനാൾ മാര്‍ ജോർജ് ആലഞ്ചേരിയുടെ നിലപാടിനെയും ‘സത്യദീപം’ വിമർശിച്ചു.

വിജയിച്ച രാഷ്ട്രീയ നേതാവായി മോദിയെ അഭിനന്ദിക്കുന്ന മാര്‍ ജോർജ് ആലഞ്ചേരി, ബിജെപിയുടെ കേരളത്തിലെ സ്വീകാര്യത വർധിക്കുന്നതായി വിലയിരുത്തുന്നുണ്ടെന്ന് മുഖപ്രസംഗത്തിലുണ്ട്. ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ ഇന്ത്യയിൽ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കർദ്ദിനാളിന്റെ പരാമർശം, സമകാലീക ക്രിസ്ത്യൻ ന്യൂനപക്ഷ വേട്ടയെ വല്ലാതെ ലളിതവൽക്കരിക്കുന്ന പ്രസ്താവനയായി ചെറുതായിപ്പോയെന്ന വിമർശനം എല്ലായിടത്തുനിന്നുമുണ്ടായെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

2023 ഫെബ്രുവരി 20ന് ഡൽഹിയിലെ ജന്തർ മന്ദിറിൽ സംഭവിച്ച  കാര്യം കർദ്ദിനാൾ മറന്നുപോയതാകുമെന്ന് മുഖപ്രസംഗം വിമർശിച്ചു. രാജ്യമാകെ തുടരുന്ന ക്രൈസ്തവ വേട്ടയിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രത്യക്ഷ സമരത്തിന്റെ കാര്യവും മുഖപ്രസംഗം എടുത്തുപറയുന്നുണ്ട്.

‘‘2022ല്‍ മാത്രം 598 അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുവെന്നാണ് യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ കണ്ടെത്തല്‍. ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ നിന്നും ആയിരത്തോളം പേരാണ് ഹൈന്ദവ തീവ്ര സംഘടനകളുടെ ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടിയത്. മധ്യപ്രദേശിലെ ജാബുവാ രൂപതയിലെ വിവിധ പള്ളികളില്‍ പൊലീസ് സംരക്ഷണയിലാണ് വിശുദ്ധ വാരാചാരണം പൂര്‍ത്തിയാക്കിയത്. മതംമാറ്റ നിരോധനനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കര്‍ദ്ദിനാള്‍ കാണാതെ പോയതെന്തെന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്. ബിജെപിക്ക് സമ്പൂർണാധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് ഇപ്പോള്‍ കരുതാനാകില്ലെന്ന് കര്‍ദിനാള്‍ ആവര്‍ത്തിക്കുമ്പോഴും, കേരളത്തിനു പുറത്ത് ക്രൈസ്തവര്‍ക്ക് കാര്യങ്ങള്‍ ശുഭകരമല്ലെന്ന് തന്നെയാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്.’’
മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

‘‘രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ബാംഗ്ലൂർ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി, ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്ന വാര്‍ത്ത ഇതിനോടു ചേര്‍ത്തുവായിക്കണം. ആള്‍ക്കൂട്ടാക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കോടതി തേടുകയുണ്ടായി. ഛത്തീസ്ഗഡില്‍ മാത്രം 600 അതിക്രമങ്ങള്‍ നടന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ തടസപ്പെടുത്തിയും, വ്യാജ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തും അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യം അതീവഗുരുതരമെന്നാണ് ഹര്‍ജിയിലുള്ളത്. വിദ്വേഷ പ്രസംഗങ്ങള്‍ തുടരുന്ന നേതാക്കളെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ല. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതെല്ലാം നിഷേധിക്കുന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്’’ മുഖപ്രസംഗം വിമർശിക്കുന്നു.

  ഇതിനിടെ സിറോ മലബാര്‍ സഭാ മേധാവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബിജെപി അനുകൂല പ്രസ്താവനക്കെതിരെ ഫാദര്‍ പോള്‍ തേലക്കാട്ട്. പ്രത്യയശാസ്ത്രം തിരുത്താത്ത ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. .രാജ്യത്തെ ബിജെപി ഭരണത്തില്‍ ക്രൈസ്തവ വിഭാഗത്തിന് യാതൊരു അരക്ഷിതാവസ്ഥയുമില്ലെന്ന ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപക്ഷേ കേരളത്തിലെ ക്രൈസ്തവരെ സംബന്ധിച്ചായിരിക്കാം ആലഞ്ചേരി അത് പറഞ്ഞത്. എന്നാല്‍ ഈയിടക്ക് കര്‍ണാടകത്തിലെ ഒരു മന്ത്രി പറഞ്ഞത് ക്രൈസ്തവരെ അടിച്ചോടിക്കണമെന്നാണ്.  ഉത്തര്‍പ്രദേശിലും ഗുജറാത്തിലുമൊക്കെ അത് ധാരാളം നടക്കുന്നുമുണ്ട്. കേരളത്തിലെ സാഹചര്യം നോക്കി മാത്രം അത്തരത്തില്‍ നിലപാട് എടുക്കുന്നത് ശരിയല്ലെന്നും പോള്‍ തേലക്കാട്ട് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ക്രൈസ്തവര്‍ കേരളത്തില്‍ അരക്ഷിതരല്ലാത്തതിന് കാരണം കേരളം ഒരു സെക്യുലര്‍ സ്റ്റേറ്റ് ആണ് എന്നതാണ്. അതാര് ശ്രമിച്ചാലും അങ്ങനെയല്ലാതാകും എന്ന് തോന്നുന്നില്ല. മതമേലാധക്ഷ്യന്മാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പുകഴ്ത്താനോ ഇകഴ്ത്താനോ പാടില്ലെന്നാണ് അഭിപ്രായം. വ്യക്തിതാല്പര്യങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ദൈവത്തിന്റെ അധികാരത്തിന്റെ മേല്‍ ഇരിക്കുമ്പോള്‍ പാലിക്കേണ്ട ഒരു മാനവികതയുണ്ട്. ആ മാനവികത എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാവണം’ ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു

Back to top button
error: