CrimeNEWS

ട്രെയിന്‍ തീവയ്പ് കേസ് അന്വേഷണം; മഹാരാഷ്ട്ര, തെലങ്കാന, യുപി ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ കേരളത്തില്‍

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, തെലങ്കാന, യുപി ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ കേരളത്തിലെത്തി. കേസില്‍ തീവ്രവാദബന്ധം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എടിഎസ് സംഘങ്ങളെത്തിയത്. ഐബി ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളും സമാന്തര അന്വേഷണം തുടരുന്നുണ്ട്.

എലത്തൂരിലെ തീവയ്പിനു ശേഷം കണ്ണൂര്‍ വരെയുള്ള യാത്രയില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. ഒരാഴ്ചയായി കോഴിക്കോട്ട് ക്യാംപ് ചെയ്യുന്ന റോ, ഐബി ഉദ്യോഗസ്ഥരെ ഓരോ ദിവസത്തെയും ചോദ്യം ചെയ്യല്‍ വിവരങ്ങള്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നുണ്ട്.

Signature-ad

എന്നാല്‍, ചോദ്യം ചെയ്യലില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. പ്രതിയുടെ മൊഴി മാത്രം ആശ്രയിക്കാതെ മറ്റു സാധ്യതകളും തേടിയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) നേരത്തേ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 2 ന് രാത്രി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഡി1 കോച്ചില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോളൊഴിച്ചു തീ കൊളുത്തിയ ശേഷം അതേ ട്രെയിനില്‍ കണ്ണൂര്‍ വരെ യാത്ര ചെയ്‌തെന്നാണു പ്രതിയുടെ മൊഴി.

Back to top button
error: