യാത്രകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കം ആയിരിക്കും. എന്നാൽ, ഒരുപാട് യാത്ര ചെയ്യണമെന്നുള്ള ആഗ്രഹം നമ്മിൽ പലർക്കും ഉണ്ടെങ്കിലും പലപ്പോഴും സാമ്പത്തികവും സാഹചര്യങ്ങളും അതിന് വിലങ്ങുതടി ആകാറുണ്ട്. എന്നാൽ യാത്രകളോടുള്ള സ്നേഹം ആത്മാർത്ഥമാണെങ്കിൽ ഒരു സാഹചര്യവും തടസ്സമാകില്ല എന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ഈ പെൺകുട്ടി.
ഛത്രപതി സംഭാജി നഗറിലെ ജേർണലിസം വിദ്യാർത്ഥിനിയായ കാഞ്ചൻ ജാദവ് ആണ് തൻറെ യാത്രകൾക്കായി വേറിട്ടൊരു മാർഗ്ഗം സ്വീകരിച്ചിരിക്കുന്നത്. സ്വന്തമായി വാഹനമോ മറ്റു പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചോ അല്ല ഈ പെൺകുട്ടി തൻറെ യാത്ര നടത്തുന്നത്. മറിച്ച് തീർത്തും അപരിചിതരായ യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ആളുകളോട് ലിഫ്റ്റ് ചോദിച്ചുകൊണ്ടാണ് കാഞ്ചൻ ജാദവിന്റെ യാത്രകൾ. ഇത്തരത്തിൽ മഹാരാഷ്ട്രയിലെ 13 ജില്ലകളിൽ ഈ പെൺകുട്ടി യാത്ര നടത്തി കഴിഞ്ഞു. 1300 കിലോമീറ്ററാണ് അപരിചിതരോട് ലിഫ്റ്റ് ചോദിച്ച് ഇവൾ ഇതിനോടകം സഞ്ചരിച്ച് തീർത്തത്.
മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ സെലു ഗ്രാമവാസിയാണ് കാഞ്ചൻ ദത്താത്രേയ ജാദവ്. ഛത്രപതി സംഭാജി നഗറിലെ എംജിഎം കോളേജിലെ ജേർണലിസം വിദ്യാർത്ഥിനി കൂടിയാണ് കാഞ്ചൻ. സ്ത്രീ പുരുഷ വിവേചനങ്ങളെക്കുറിച്ചും പുരുഷാധിപത്യത്തിന്റെ അപകടങ്ങളെക്കുറിച്ചും ഏറെ ബോധവതിയായ കാഞ്ചൻ ഇത്തരം അസമത്വങ്ങളെ എങ്ങനെ ചെറുത്തു തോൽപ്പിക്കാം എന്ന ചിന്തയിലാണ് ഇത്തരത്തിൽ ഒരു യാത്ര ആരംഭിച്ചത്.
സമൂഹം സൃഷ്ടിക്കുന്ന തടസ്സങ്ങളെ സ്വയം സ്വീകരിച്ച് ഒതുങ്ങി കഴിയാതെ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവെപ്പ് ഓരോ സ്ത്രീയും സ്വയം നടത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ഈ പെൺകുട്ടിയുടെ കാഴ്ചപ്പാട്. ഇതിൻറെ ഭാഗമായി കൂടിയാണ് ഇത്തരത്തിൽ ഒരു യാത്ര. മഹാരാഷ്ട്രയിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്ന് നേരിട്ടറിയാൻ, കൂടിയാണ് അപരിചിതരിൽ നിന്ന് ലിഫ്റ്റ് സ്വീകരിച്ച് സംസ്ഥാനം മുഴുവൻ സന്ദർശിക്കാൻ കാഞ്ചൻ തീരുമാനിച്ചത്. കാഞ്ചന്റെ ഈ ആഗ്രഹത്തോട് ആദ്യഘട്ടത്തിൽ വീട്ടുകാർക്ക് പൂർണ്ണമായ വിയോജിപ്പ് ആയിരുന്നെങ്കിലും പിന്നീട് അവളുടെ നിർബന്ധത്തിനു വഴങ്ങി വീട്ടുകാർ സമ്മതം മൂളി. മഹാരാഷ്ട്രയിലെ 13 ജില്ലകളിലായി 1300 കിലോമീറ്റർ ആണ് അപരിചിതരിൽ നിന്ന് ലിഫ്റ്റ് വാങ്ങി കാഞ്ചൻ യാത്ര ചെയ്തു തീർത്തത്.
എല്ലാദിവസവും രാവിലെ ഏഴു മുതൽ രാത്രി 7 വരെയാണ് കാഞ്ചൻ യാത്ര ചെയ്യുക. രാത്രി 7 മണിക്ക് ശേഷം ഏതെങ്കിലും ഒരു സ്ഥലത്ത് കയ്യിൽ കരുതിയിട്ടുള്ള ടെന്റിൽ കിടന്നുറങ്ങും. സാധാരണയായി സ്കൂളുകളോടും ക്ഷേത്രങ്ങളോടും ഒക്കെ ചേർന്നുള്ള പൊതു സ്ഥലങ്ങളാണ് കാഞ്ചൻ തനിക്ക് വിശ്രമിക്കാനായി തെരഞ്ഞെടുക്കാറ്. യാത്രക്കിടയിൽ തനിക്ക് മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും പലപ്പോഴും പലയിടങ്ങളിലും താൻ സുരക്ഷിതയാണോ എന്നറിയാൻ ആളുകൾ വന്ന് അന്വേഷിക്കാറുണ്ട് എന്നും കാഞ്ചൻ പറയുന്നു. യാത്രക്കിടയിൽ ഭക്ഷണത്തിനായി മാത്രമാണ് കാഞ്ചന് പണം ചെലവഴിക്കേണ്ടി വന്നിട്ടുള്ളത്.
യാത്രയുടെ തുടക്കത്തിൽ ഒക്കെ ആരോട് ലിഫ്റ്റ് ചോദിക്കണമെന്നതിനെ കുറിച്ച് ചെറിയൊരു ആശയക്കുഴപ്പം തനിക്കുണ്ടായിരുന്നു എന്നാണ് കാഞ്ചൻ പറയുന്നത്. എന്നാൽ പിന്നീട് അത് മാറി എന്നും തനിക്ക് ലിഫ്റ്റ് തന്ന പലരും ഭക്ഷണം കൂടി തരാൻ സന്മനസ്സു കാണിച്ചു എന്നും ഈ പെൺകുട്ടി പറയുന്നു. കൂടാതെ തന്റെ യാത്രയുടെ ഉദ്ദേശം പറഞ്ഞപ്പോൾ പലരും തനിക്ക് കൂടുതൽ ദൂരം ലിഫ്റ്റ് തന്നന്നും എന്തെങ്കിലും അപകടത്തിൽ പെട്ടാൽ വിളിക്കാൻ തങ്ങളുടെ ഫോൺ നമ്പറുകൾ പോലും തന്നവരുണ്ടെന്നും കാഞ്ചൻ പറയുന്നു.