Movie

ധനിക-ദരിദ്ര പ്രണയങ്ങളിലെ പ്രതികാരം പ്രമേയമാക്കിയ തോപ്പിൽ ഭാസി- കെ.എസ് സേതുമാധവൻ ടീമിന്റെ ‘തോക്കുകൾ കഥ പറയുന്നു’ എത്തിയിട്ട് ഇന്ന് 55 വർഷം

സിനിമ ഓർമ്മ

സുനിൽ കെ ചെറിയാൻ

  ‘പാരിജാതം തിരുമിഴി തുറന്നു’ എന്ന ഗാനമുൾപ്പെടെ ഏതാനും മികച്ച ഗാനങ്ങളുമായി വന്ന ‘തോക്കുകൾ കഥ പറയുന്നു’ റിലീസ് ചെയ്‌തിട്ട് 55 വർഷം. 1968 ഏപ്രിൽ 10 നായിരുന്നു ഈ ക്രൈം ത്രില്ലർ പ്രദർശനമാരംഭിച്ചത്. തോപ്പിൽ ഭാസിയുടെ രചനയിൽ കെ.എസ് സേതുമാധവൻ സംവിധാനം. ധനിക-ദരിദ്ര പ്രണയങ്ങളിൽ സംഭവിക്കുന്ന എതിർപ്പും പ്രതികാരവുമാണ് പ്രമേയം.

ധനിക യുവതി രമയ്ക്ക് (ഷീല) സ്വന്തം എസ്‌റ്റേറ്റിലെ വാച്ച്മാനോട് (സത്യൻ) പ്രണയം. അവരുടെ പ്രണയസല്ലാപം കണ്ട രമയുടെ സഹോദരൻ (കെപി ഉമ്മർ) അവർക്കിട്ട് വച്ച വെടി കൊണ്ടത്  വേലക്കാരന്. സഹോദരനെതിരെ സാക്ഷി പറയാൻ രമയ്ക്കാവുന്നില്ല. സാഹചര്യത്തെളിവുകളാൽ വാച്ച്മാൻ പ്രതിയായി; ജയിലിലായി. ശിക്ഷ കഴിഞ്ഞ് തിരിച്ച് വന്ന ദിവസം കാമുകീകാമുകന്മാർ ഒരുമിച്ചോ? ഇല്ല. വീട്ടിലെ വേലക്കാരിയുമായുള്ള (ജയഭാരതി) കുഞ്ഞനിയന്റെ (നസീർ) പ്രണയത്തെ എതിർത്ത് വേലക്കാരിയെ തോക്ക് ചൂണ്ടിയ സഹോദരനെ രമ വെടി വച്ച് വീഴ്ത്തുന്നു. കാമുകൻ ജയിലിൽ നിന്ന് പുറത്തേയ്ക്ക്; കാമുകി അകത്തേയ്ക്ക്.

‘പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും, ‘പൂവും പ്രസാദവും’ എന്നീ അനശ്വരഗാനങ്ങളും ഈ ചിത്രത്തിലൂടെ വയലാർ-ദേവരാജൻ ടീം സമ്മാനിച്ചു.

നവജീവൻ ഫിലിംസിന്റെ ബാനറിൽ ‘നാടൻ പെണ്ണി’ന് ശേഷം എം ഒ ജോസഫ് സുഹൃത്ത് എൻ വി ജോസഫുമായി ചേർന്ന് നിർമ്മിച്ച ചിത്രമാണ് ‘തോക്കുകൾ കഥ പറയുന്നു’. മൂന്നാമത്തെ ചിത്രത്തിന്റെ കഥാചർച്ചയിൽ രണ്ട് നിർമ്മാതാക്കളും തെറ്റി. എം ഒ ജോസഫ് സ്വതന്ത്രനായി മഞ്ഞിലാസ് എന്ന പേരിൽ പ്രൊഡക്ഷൻ കമ്പനി തുടങ്ങി. ആദ്യചിത്രം ‘യക്ഷി’.

Back to top button
error: