ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പ്രവര്‍ത്തകസമിതി യോഗത്തിന്റെ വേദിയായി ശ്രീനഗര്‍ നിശ്ചയിച്ച് പാകിസ്ഥാനും ചൈനയ്ക്കും പ്രഹരമേകി ഇന്ത്യ. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന സന്ദേശം നല്കാന് പരിപാടിയിലൂടെ സാധിക്കുമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്റെയും ചൈനയുടെയും കടുത്ത എതിര്‍പ്പ് വകവയ്ക്കാതെയാണ് ശ്രീനഗറിലെ വേദി നിശ്ചയിച്ചതെന്നാണു റിപ്പോര്‍ട്ട്. മേയ് 22 മുതല്‍ 24 വരെയാണു ടൂറിസത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തകസമിതി യോഗം ശ്രീനഗറില്‍ നിശ്ചയിച്ചിട്ടുള്ളത്. സൗദി അറേബ്യ, തുര്‍ക്കി, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് ശ്രീനഗറിലെ വേദി മാറ്റാന്‍ പാകിസ്ഥാന് കൂടിയാലോചനകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
നേരത്തെ, അരുണാചല്‍ പ്രദേശിലെ ജി20 വേദികള്‍ക്കെതിരെ ചൈനയും നിലപാടെടുത്തിരുന്നു. ജി20 യോഗങ്ങളുടെ പുതുക്കിയ കലണ്ടറിലാണ് ടൂറിസവുമായ ബന്ധപ്പെട്ട പ്രവര്‍ത്തക സമിതി ശ്രീനഗറില്‍ നടക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ശ്രീനഗറിലെ യോഗം ചൈന ബഹിഷ്കരിച്ചേക്കുമെന്നാണു സൂചന. അരുണാചലും ജമ്മുകശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും രാജ്യത്തെ 20 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ജി20 യോഗങ്ങള്‍ നടക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.
ഇനി ഒരു വര്‍ഷം ഇന്ത്യയ്ക്കാണ് ജി20 അധ്യക്ഷ സ്ഥാനം. ഹരിതവികസനത്തിലൂടെ ലോകത്തു സുസ്ഥിരവികസനം സാധ്യമാക്കാമെന്നു ജി20 ഉച്ചകോടിയുടെ ഭാഗമായി കോട്ടയം കുമരകത്തു നടക്കുന്ന വികസന പ്രവര്‍ത്തകസമിതി (ഡിഡബ്ല്യുജി) യോഗം നിര്‍ദേശിച്ചു. പരിസ്ഥിതിക്കിണങ്ങുന്ന ജീവിതശൈലിയെക്കുറിച്ചു യുഎന്‍എഫ്സിസി, ലോകബാങ്ക്, രാജ്യാന്തര ഊര്‍ജ ഏജന്‍സി എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ സംസാരിച്ചു.