തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളില്‍ രാത്രിയും വിവാഹം നടത്താന്‍ അനുമതി. ദേവസ്വം ഭരണസമിതിയോഗമാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ശീവേലിക്ക് പുറത്തേക്ക് എഴുന്നള്ളിക്കുന്നത് വരെയാണ് രാത്രി നട തുറന്നിരിക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്ത് വിവാഹം നടത്തുന്ന പതിവില്ല.
നിലവില്‍ രാവിലെ അഞ്ച് മണി മുതല്‍ ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന സമയമായ 1.30 വരെയാണ് വിവാഹങ്ങള്‍ നടക്കുന്നത്. വൈകിട്ടും രാത്രിയും വിവാഹങ്ങള്‍ നടക്കുന്ന പതിവില്ല. നായര്‍ സമാജം ജനറല്‍ കണ്‍വീനര്‍ വി.അച്യുതക്കുറുപ്പ് മകന്റെ വിവാഹം വൈകിട്ട് ക്ഷേത്രത്തിന് മുന്നില്‍ നടത്താന്‍ അനുമതി തേടി ദേവസ്വത്തിന് അപേക്ഷ നല്‍കിയിരുന്നു.
2022 ഡിസംബറിലാണ് ഈ അപേക്ഷ നല്‍കിയത്. ഈ അപേക്ഷ ദേവസ്വം അംഗീകരിക്കുകയും വിവാഹം നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിയും വിവാഹം നടത്താന്‍ ദേവസ്വം കൂടിയാലോചനകള്‍ നടത്തിയത്.