പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ കസ്റ്റഡിയിലെടുത്തു. ഓര്‍ത്തഡോക്‌സ് പള്ളികളുടെ മുന്നില്‍ പോസ്റ്റര്‍ പതിപ്പിച്ച കേസിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം പ്രവര്‍ത്തകനുമായ ഏബലിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്.
ഏബല്‍ ബാബുവിന്റെ കാറിലാണ് മന്ത്രിക്കെതിരായ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയതെന്നാണ് പോലീസ് പറയുന്നത്. ‘സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോര്‍ജ് മൗനം വെടിയണം’ എന്നായിരുന്നു പോസ്റ്റര്‍. പത്തനംതിട്ടയിലെ വിവിധ ഓര്‍ത്തഡോക്‌സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. ‘ഓര്‍ത്തഡോക്‌സ് യുവജനം’ എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരുന്നത്. പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഈ മാസം 1ന് അര്‍ദ്ധരാത്രിയിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
പത്തനംതിട്ട പോലീസ് ആണ് അടൂര്‍ എത്തി കാര്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രാത്രി പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. വീട്ടില്‍ പരിശോധന അനുവദിക്കില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ തടഞ്ഞു.