മസ്‌കറ്റ്: ഐ.എം.ഒയിലെ വ്യാജ ആര്‍.ഒ.പി. അക്കൗണ്ട് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍. റോയല്‍ ഒമാന്‍ പോലീസിന്റെ ലോഗോ പതിച്ച വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് അറിയിച്ചു.
ചില ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന്റെ പിഴ അടയ്ക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ കിട്ടുന്ന ബാങ്ക് വിവരങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ടില്‍നിന്ന് പണം വലിക്കുന്ന രീതിയാണ് സംഘം പയറ്റുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ സ്വകാര്യ വിവരങ്ങളോ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള ഡാറ്റകളോ കൈമാറരുതെന്ന് റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെട്ടു.