KeralaNEWS

അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാന്‍ നിര്‍മ്മിച്ച കൂട് പൊളിക്കേണ്ടതില്ലെന്ന് വനംവകുപ്പ് തീരുമാനം; ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കും

ഇടുക്കി: അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാൻ എറണാകുളത്തെ കോടനാട്ട് നിർമ്മിച്ച കൂട് പൊളിക്കേണ്ടതില്ലെന്ന് വനംവകുപ്പ് തീരുമാനം. ഭാവിയിലെ ആവശ്യങ്ങൾക്കായി കൂട് സൂക്ഷിക്കാനാണ് തീരുമാനം. ചിന്നക്കനാലിൽ നിന്ന് പിടികൂടിയാൽ കൊമ്പനെ കോടനാട് എത്തിച്ച് മെരുക്കാനായിരുന്നു പദ്ധതി. ആനയെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കൂട് ആവശ്യമില്ലാതെയായത്.

കോടനാട്ടെ അഭയാരണ്യത്തിൽ പത്ത് ലക്ഷം രൂപ ചിലവിട്ട് നൂറിലധികം യൂക്കാലിത്തടികളെത്തിച്ചാണ് ഈ കൂടൊരുക്കിയത്. മൂന്ന് മുതൽ അഞ്ച് വർഷം വരെ തടികൾക്ക് കേടുപറ്റില്ലെന്നും ചിതലരിക്കില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏതെങ്കിലും തടിക്ക് കേടുപറ്റിയാൽ മാറ്റിവയ്ക്കാൻ മുപ്പതോളം തടികൾ വനംവകുപ്പിന്റെ കൈവശമുണ്ട്. വയനാട് നിന്നെത്തിയ വിദഗ്ധരായ തൊഴിലാളികൾ ക്രെയ്ൻ ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ടാണ് കൂട് നിർമ്മിച്ചത്.

Signature-ad

അതേസമയം, അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് പറമ്പിക്കുളം നിവാസികളുടെ തീരുമാനം. കാട്ടാനയെ കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകും. മുതലമടയിൽ ഇന്ന് സർവകക്ഷിയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ആദിവാസി മേഖലയായ പറമ്പിക്കുളത്ത് പത്ത് കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങളിവിടെയുണ്ട്. ഇത് കൂടാതെ പറമ്പിക്കുളം ആളിയാർ പ്രൊജക്റ്റ് കോളനികളുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. ഇവിടെ പൊതുവെ കാട്ടന ശല്യമുള്ള പ്രദേശമാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്നും താഴേക്ക് ഇറങ്ങി വന്ന് മുതലമട, കൊല്ലങ്കോട് ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. കൃഷിക്ക് പ്രാധാന്യമുളള പ്രദേശമാണിത്. വ്യാപകമായി കൃഷിനാശമുണ്ട്. ഒരു വർഷം തന്നെ നാൽപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കണക്കാക്കുന്നത്. ഇങ്ങനെയുളള ഒരു സ്ഥലത്തേക്ക് അരിക്കൊമ്പൻ കൂടി എത്തുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നാണ് ഇവിടെയുള്ളവർ പേടിയോടെ ചിന്തിക്കുന്ന കാര്യം.

Back to top button
error: