IndiaNEWS

അനില്‍ ആന്റണി ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബിജെപിയിലേക്കെന്ന് സൂചന. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ചയും നടത്തും.

ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഒരു നേതാവ് കൂടി പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി അറിയിച്ചിരുന്നു. അതേസമയം, ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നേരത്തേ അനില്‍ ആന്റണി തള്ളിയിരുന്നു.

Signature-ad

കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോണ്‍ഗ്രസുമായി തെറ്റി. തുടര്‍ന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.

പിന്നീട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പലതവണ രംഗത്തെത്തി. 2024ലെ പൊതുതെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ, അനിലിന്റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയായി.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമര്‍ശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്’ എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്. കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.

Back to top button
error: