ദില്ലി: ഒരു കടയുടമ പരമാവധി ചില്ലറ വിൽപ്പന വിലയേക്കാൾ (എംആർപി) കൂടുതൽ തുക ഉത്പന്നത്തിന് ഈടാക്കുന്നുണ്ടോ? എങ്കിൽ അത് ഇന്ത്യയിൽ നിയമലംഘനമായി കണക്കാക്കപ്പെടും. കാരണം, ലീഗൽ മെട്രോളജി നിയമം, 2009 അനുസരിച്ച്, ഉൽപ്പന്നത്തിൽ അച്ചടിച്ചിരിക്കുന്ന എംആർപിയാണ് ഒരു ഉൽപ്പന്നത്തിന് ഉപഭോക്താവ് നൽകേണ്ട പരമാവധി വില.
എന്താണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി?
ഒരു ഉൽപ്പന്നമോ സേവനമോ വാങ്ങുന്നതിന് ഉപഭോക്താവിൽ നിന്ന് ഈടാക്കാവുന്ന പരമാവധി വിലയാണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി. എല്ലാ നികുതികളും ഉൽപ്പാദനച്ചെലവും ഗതാഗതച്ചെലവും നിർമ്മാതാവോ വിൽപ്പനക്കാരനോ നടത്തുന്ന മറ്റേതെങ്കിലും ചെലവുകളും ഉൾപ്പെടുത്തിയാണ് എംആർപി കണക്കാക്കുന്നത്. ഉപഭോക്താവിന് മനസിലാക്കാൻ വേണ്ടി ഉത്പന്നത്തിന്റെ പാക്കേജിംഗിൽ എംആർപി സാധാരണയായി പ്രിന്റ് ചെയ്യാറുണ്ട്. ഇത് ഉപഭോക്താവിന് വില നോക്കി സാധനങ്ങൾ വാങ്ങാൻ പ്രയോജനം ചെയ്യാറുണ്ട്. ഒരു കടയുടമ എംആർപിയിൽ കൂടുതൽ വില ഈടാക്കുകയാണെങ്കിൽ എന്ത് ചെയ്യും?
ഒരു ഉപഭോക്താവ് എന്ന നിലയിൽ, കടയുടമ എംആർപിയേക്കാൾ കൂടുതൽ ഈടാക്കുന്നതായി നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ, കട സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ലീഗൽ മെട്രോളജി വകുപ്പിൽ പരാതി നൽകാം. ഉപഭോക്താക്കൾക്ക് ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ നമ്പറായ – 1800-11-4000/ 1915-ൽ ബന്ധപ്പെടാനോ അല്ലെങ്കിൽ അവരുടെ ജില്ലയിലുള്ള ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകാനോ അവസരമുണ്ട്. ഒരു ഉപഭോക്താവിന് 8800001915 എന്ന നമ്പറിൽ എസ്എംഎസ് അയയ്‌ക്കാനോ എൻസി എച്ച് ആപ്പ്, ഉമാങ് ആപ്പ് എന്നിവ വഴി പരാതി നൽകാനും കഴിയും. മാത്രമല്ല, ഉപഭോക്താക്കൾക്ക് https://consumerhelpline.gov.in/user/signup.php എന്നതിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ഓൺലൈനായി പരാതി ഫയൽ ചെയ്യാനും സാധിക്കും. ഈ സാഹചര്യത്തിൽ, പരാതി നൽകാൻ ഒറ്റത്തവണ രജിസ്ട്രേഷൻ ആവശ്യമാണ്.
ഇതിനെല്ലാം ശേഷവും നിങ്ങളുടെ പരാതിക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ, നിങ്ങൾക്ക്, സ്റ്റേറ്റ് കമ്മീഷൻ, ജില്ലാ കമ്മീഷൻ തുടങ്ങിയ ഉപഭോക്തൃ കമ്മീഷനെ സമീപിക്കാവുന്നതാണ്. അന്വേഷണത്തിന് ശേഷം നിയമലംഘനം കണ്ടെത്തിയാൽ, കടയുടമയ്ക്ക് പിഴ അടയ്‌ക്കേണ്ടതായി വരും. ഉപഭോക്താവിന് അമിതമായി ഈടാക്കിയ തുകയ്ക്ക് നഷ്ടപരിഹാരം ലഭിക്കാനും അർഹതയുണ്ട്.