പാലക്കാട്: മധുവധക്കേസില്‍ കോടതിയില്‍നിന്ന് പ്രതീക്ഷിച്ച നീതി ലഭിച്ചിട്ടില്ലെന്ന് കുടുംബം. പ്രതികള്‍ക്ക് ഇപ്പോള്‍ നല്‍കിയ ശിക്ഷയില്‍ തൃപ്തരല്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു. പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
കോടതിക്ക് നടന്ന കാര്യങ്ങള്‍ മനസിലാകാത്തതുകൊണ്ടാണ് ഇത്തരമൊരു ശിക്ഷാ വിധി വന്നത്. കഴിഞ്ഞ നാല് വര്‍ഷം ആരും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. നാല് വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ ഉള്‍പ്പെടെ ഒപ്പം നിന്നത്. കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തരാന്‍ ഞങ്ങള്‍ക്ക് ആരുമില്ലെന്ന ധൈര്യം പ്രതിഭാഗത്തിന് ഉണ്ടായിരുന്നു. വിചാരണ പൂര്‍ത്തിയാകാന്‍ ഇത്ര കാലതാമസമെടുത്തത് പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരമൊരുക്കി. പണം നല്‍കിയും രാഷ്ട്രീയ സ്വാധീനത്താലുമാണ് പലരേയും അവര്‍ കൂറുമാറ്റിയതെന്നും സഹോദരി ആരോപിച്ചു.
ആദിവാസികളെ എന്തും പറയാമെന്നും അടിച്ചമര്‍ത്താമെന്നുമുള്ള അവസ്ഥ ഇനി സമ്മതിക്കില്ല. കേരളത്തില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഇനിയും ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മേല്‍ക്കോടതിയിലേക്ക് രണ്ട് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ച് തരണമെന്നും സഹോദരി ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്‍ ആരോപിച്ച കൊലപാതകക്കുറ്റം ഒഴിവാക്കി 304(2) വകുപ്പുപ്രകാരം ആസൂത്രിതമല്ലാത്ത നരഹത്യാക്കുറ്റമാണ് 13 പ്രതികള്‍ക്കെതിരേയും കോടതി ചുമത്തിയിരുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കേസിലെ 16-ാം പ്രതിയായ മുനീറിന് മൂന്നുമാസം തടവോ 500 രൂപ പിഴയോ ആണ് ശിക്ഷ. എന്നാല്‍ റിമാന്‍ഡ് കാലത്തുതന്നെ ശിക്ഷയുടെ കാലയളവ് പൂര്‍ത്തിയാക്കിയതിനാല്‍ ഇയാള്‍ തടവ് അനുഭവിക്കേണ്ടതില്ല. രണ്ടു പ്രതികളെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.