ഒന്നിച്ച് ജനിക്കുകയും ഒന്നിച്ച് വളരുകയും ചെയ്ത തെലങ്കാനയിലെ വാറങ്കലില്‍ നിന്നുള്ള ഇരട്ടകളുടെ വിവാഹം കഴിഞ്ഞതും ഒരേ ദിവസമായിരുന്നു. ഒടുവില്‍ സഹോദരിമാരായ ലളിതയും രമയും ഒരേ ആശുപത്രിയില്‍ ഒരേ ദിവസം ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മവും നല്‍കി. വാര്‍ത്തകളില്‍ ഇടംപിടിച്ച ഈ അപൂർവ്വ ഇരട്ടകൾക്ക് തുടർന്ന് മുഖ്യമന്ത്രി കെസിആര്‍ സമ്മാനവും അയച്ചു.
ദുഗ്ഗോണ്ടി തിമ്മാംപേട്ട ഗ്രാമത്തിലെ ബോന്തു സരയ്യയുടെയും കൊമാരമ്മയുടെയും മക്കളാണ് ലളിതയും രമയും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. കോലന്‍പള്ളി ഗ്രാമത്തിലെ നാഗരാജുവുമായി ലളിതയുടെയും തിമ്മംപേട്ടയിലെ ഗോലന്‍ കുമാറുമായി രമയുടെയും വിവാഹം കഴിഞ്ഞു.
പ്രസവവേദന അനുഭവപ്പെട്ട രണ്ട് സ്ത്രീകളെ അഞ്ച് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതികളെ പരിശോധിച്ചശേഷം സാധാരണ പ്രസവത്തിനായി കാത്തിരിക്കാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്കും ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദേശിക്കുകയായിരുന്നു.
എല്ലാം യാദൃച്ഛികമായിരുന്നു. മാര്‍ച്ച് 30ന് നര്‍സമാപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇരുവരും ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. തുടര്‍ന്ന് നര്‍സാംപേട്ട് നിയമസഭാംഗം പെഡ്ഡി സുദര്‍ശന്‍ റെഡ്ഡി ആശുപത്രിയിലെത്തി ഇരുവർക്കും ‘കെസിആര്‍ കിറ്റ്’ സമ്മാനിച്ചു