Movie

ആദർശധീരനായ സ്‌കൂൾ മാസ്റ്ററായി തിക്കുറിശ്ശി വേഷമിട്ട ‘സ്‌കൂൾ മാസ്റ്റർ’ സിനിമ റിലീസ് ചെയ്‌തിട്ട് ഇന്ന് 59 വർഷം

സിനിമ ഓർമ്മ

സുനിൽ കെ ചെറിയാൻ

  ഉത്തമമായ ഒരു ഗുരുദക്ഷിണയുടെ കഥ പറഞ്ഞ ‘സ്‌കൂൾ മാസ്റ്ററി’ന് 59 വയസ്സായി. 1964 ഏപ്രിൽ 3നായിരുന്നു ഇതേ പേരിലുള്ള കന്നഡ ചിത്രത്തിന്റെ മലയാളം റീമേയ്ക്ക് റിലീസ് ചെയ്‌തത്‌. ബി.ആർ പന്തലു രചിച്ച മറാത്തി കഥയെ ആസ്‌പദമാക്കി പൊൻകുന്നം വർക്കി തിരക്കഥയെഴുതിയ ചിത്രം എസ്.ആർ പുട്ടണ്ണയാണ് സംവിധാനം ചെയ്‌തത്‌. തിക്കുറിശ്ശി സ്‌കൂൾ മാസ്റ്ററായി വേഷമിട്ടു. ശിവാജി ഗണേശൻ അതിഥിതാരമായും, വിധുബാല ബാലനടിയായും അഭിനയിച്ചു.

വയലാർ-ദേവരാജൻ ടീമിന്റെ പാട്ടുകൾ- ഇനിയെന്റെ ഇണക്കിളിക്കെന്ത് വേണം, ജയജയജയ ജന്മഭൂമി, നിറഞ്ഞ കണ്ണുകളോടെ, വൈക്കം കായലിലോളം കാണുമ്പോളോർക്കും ഞാനെന്റെ മാരനെ എന്നിവ ഹിറ്റുകളായി.

ആദർശധീരനായ സ്‌കൂൾ മാസ്റ്റർക്ക് രണ്ട് ആൺമക്കൾ. മക്കളെ പഠിപ്പിച്ചും മകളെ വിവാഹം കഴിപ്പിച്ചും ഉള്ള സമ്പാദ്യമൊക്കെ പോയി. റിട്ടയർ ചെയ്‌ത മാസ്റ്ററെയും ഭാര്യയെയും നോക്കാൻ മക്കൾക്ക് സമയമില്ല. വീട് പണയക്കാർ കൊണ്ടുപോയി. മക്കൾ അച്ഛനെയും അമ്മയെയും വീതം വച്ചു. അച്ഛൻ മൂത്ത മകന്റെ വീട്ടിൽ. അമ്മ ഇളയവന്റെ വീട്ടിൽ. കുറച്ച് നാൾക്കകം അച്ഛനും അമ്മയും വാസ സ്ഥലങ്ങളിൽ നിന്നും  ഇറങ്ങിപ്പോയി. തെരുവിൽ അവരെ കണ്ടെടുക്കുന്നത് മാസ്റ്ററുടെ പഴയ ശിഷ്യനായ പിൻബഞ്ചുകാരൻ, ഇപ്പോൾ പോലീസുകാരൻ. പഴയ വീട് പണയക്കാരിൽ നിന്നും വാങ്ങി ശിഷ്യൻ മാസ്റ്റർക്ക് ഗുരുദക്ഷിണയായി നൽകി.

1951ൽ റിലീസ് ചെയ്‌ത ‘ദ ബ്രൗണിങ്ങ് വേർഷൻ’ എന്ന ഇംഗ്ലീഷ് ചിത്രത്തിനും ഇതേ പ്രമേയമാണ്. സമ്പാദ്യം തീരെയില്ലാത്ത മരിക്കാനൊരുങ്ങുന്ന അധ്യാപകന്, കവി റോബർട്ട് ബ്രൗണിങ്ങിന്റെ ഒരു കവിത പണ്ടത്തെ ശിഷ്യൻ സമ്മാനിക്കുന്നതാണ്  ഈ ചിത്രത്തിന്റെ കഥ. ‘കുലീനനായ ഒരു അധ്യാപകനെ ദൈവം ദൂരെ നിന്ന് കാരുണ്യപൂർവം നോക്കുന്നു’  എന്ന് ശിഷ്യൻ ആ സമ്മാനത്തിൽ ആലേഖനം ചെയ്‌തിരുന്നു.

Back to top button
error: