NEWSPravasi

റമദാന്‍ വ്രതകാലം ആരംഭിച്ചതോടെ മക്കയിലേക്കുള്ള തീർഥാടക പ്രവാഹം വർദ്ധിച്ചു; ഒരാഴ്ചക്കിടയിൽ എത്തിയത് രണ്ടര ലക്ഷം വിദേശ തീർഥാടകർ

റിയാദ്: റമദാൻ വ്രതകാലം ആരംഭിച്ചതോടെ മക്കയിലേക്കുള്ള തീർഥാടക പ്രവാഹം വർദ്ധിച്ചു. പുണ്യമാസത്തിലെ രാപ്പകലുകളിൽ ഹറമിൽ പ്രാർഥനാനിരതരായി കഴിയാനും ഉംറ ചെയ്യാനും സ്വദേശികളും വിദേശികളുമായി ലക്ഷങ്ങളാണ് മക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഒഴുക്കും ഗണ്യമായി വർധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രണ്ടര ലക്ഷം വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായാണ് കണക്ക്. ആഭ്യന്തര തീർഥാടകരുടെ വരവും ഒട്ടും കുറവല്ല. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉംറ ഏജൻസികൾ വഴിയും അല്ലാതെയും നിരവധി പേരാണ് ദിവസവും മക്കയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. കര, വ്യോമ, കടൽ തുറമുഖങ്ങളിൽ തിരക്കേറിയിട്ടുണ്ട്. ഇവിടങ്ങളിൽ സേവനത്തിന് കൂടുതൽ പേർ രംഗത്തുണ്ട്. വരും ദിവസങ്ങളിൽ പ്രത്യേകിച്ച് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ആഭ്യന്തര, വിദേശ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റമദാനിൽ മക്കയിലേക്കെത്തുന്നവരുടെ തിരക്കേറിയതോടെ വാഹന പാർക്കിങ്ങിനുള്ള സ്ഥലങ്ങൾ ട്രാഫിക് വകുപ്പ് നിർണയിച്ചു. മക്ക പട്ടണത്തിന് പുറത്ത് അഞ്ചും അകത്ത് ആറും പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മക്ക പ്രവേശന കവാടങ്ങൾക്കടുത്താണ് ബാഹ്യ പാർക്കിങ് സ്ഥലങ്ങൾ.

ഹജ്സ് ശറാഅ, ഹജ്സ് അൽഹദാ, ഹജ്സ് നൂരിയ, ഹജ്സ് സാഇദി, ഹജ്സ് അലൈത് എന്നിവയാണത്. മക്കക്ക് പുറത്ത് നിന്നെത്തുന്നവർക്ക് ഈ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇവിടങ്ങളിൽ നിന്ന് ഹറമിലേക്കും തിരിച്ചും മുഴുവൻസമയ ബസ് സർവിസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഹറമിലേക്ക് എത്തുന്നത് എളുപ്പമാക്കാൻ മക്കക്കുള്ളിൽ ആറ് പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. അമീർ മുത്ഇബ് പാർക്കിങ്, ജംറാത്ത്, കുദായ്, സാഹിർ, റുസൈഫ, ദഖം അൽവബർ എന്നീ പാർക്കിങ്ങുകളാണവ.

Back to top button
error: