കൊല്ലം: ഡ്രൈവിംഗ് സ്കൂളില്‍ പഠിക്കാനെത്തിയ യുവതിയെ ഇന്‍സ്ട്രക്ടര്‍ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കൊല്ലം ആശ്രാമം വൈദ്യശാല സ്വദേശി ഷംനയാണ് പരാതിയുമായി ഈസ്റ്റ് പോലീസിനെ സമീപിച്ചത്. രണ്ടാഴ്ച മുമ്പാണ് ഷംന ഡ്രൈവിംഗ് പഠനത്തിന് ചേര്‍ന്നത്. തുടക്കം മുതല്‍ ഇന്‍സ്ട്രക്ടറായ യുവതി ഡ്രൈവിംഗ് പഠനത്തിനിടെ ഷംനയെ ഉപദ്രവിക്കുമായിരുന്നു. പഠനത്തിടെ വാഹനം ഇടത്തേയ്ക്കും വലത്തേയ്ക്കും വെട്ടിച്ചതായിരുന്നു ഉപദ്രവത്തിന്റ കാരണം. പഠനത്തിന്റെ ഭാഗമെന്നു കരുതി ആദ്യമൊന്നും ഷംന ഉപദ്രവം അത്ര കാര്യമാക്കിയില്ല. ഉപദ്രവം പിന്നീട് ക്രൂരമായ മര്‍ദ്ദനത്തിലേക്ക് കടന്നു.
ഇടത്തേ തോളില്‍ പലതവണ ആഞ്ഞടിച്ചു. സഹിക്കവയ്യാതെ വന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ഷംന പറഞ്ഞു. പിറ്റേ ദിവസം അടി കൊണ്ട് തിണിര്‍ത്ത ഭാഗത്ത് ബാം പുരട്ടിക്കൊടുത്തു. എന്നാല്‍, തൊട്ടടുത്ത ദിവസവും സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് നേരത്തേ പരിക്കേല്‍പ്പിച്ച അതേ ഭാഗത്ത് തന്നെ വീണ്ടും അടിച്ചു. ഇതോടെയാണ് പോലീസില്‍ പരാതി നല്കാന് ഷംന തയ്യാറായത്.
പരാതി പരിശോധിച്ച പോലീസ് ഡ്രൈവിംഗ് സ്കൂള്‍ ഉടമയെ സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം കേസെടുത്തു. മാനസിക സമ്മര്‍ദ്ദം മൂലം അറിയാതെ സംഭവിച്ചു പോയതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍, ഇത് മുഖവിലയ്ക്കെടുക്കാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് ഷൈമക്കെതിരേ കേസെടുത്തു.