CrimeNEWS

ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരെ മാത്രം ലക്ഷ്യമിട്ട് മോഷണം; ഒടുവില്‍ ‘പരുന്ത് പ്രാഞ്ചി’ പിടിയില്‍

തൃശൂര്‍: ജനലുകള്‍ തുറന്നിട്ട് ഉറങ്ങുന്നവരെ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തുന്ന മോഷ്ടാവ് പിടിയില്‍. പരുന്ത് പ്രാഞ്ചി എന്ന് ഇരട്ടപ്പേരുള്ള ഫ്രാന്‍സിസാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലായത്. ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും രാത്രികളില്‍ ഉഷ്ണം മൂലം ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ മോഷണം പോകുന്ന സംഭവം തുടര്‍ക്കഥയായിരുന്നു.

തുടര്‍ന്ന് റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. ചാലക്കുടി മോസ്‌കോയിലെ വീട്ടില്‍ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ തുടര്‍ന്ന് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു.

Signature-ad

കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സിസ് ധാരാളം പണം ധൂര്‍ത്തടിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫ്രാന്‍സിസിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മോഷണങ്ങള്‍ നടത്തിയതായും മോഷ്ടിച്ച സ്വര്‍ണം കടയില്‍ വില്‍പ്പന നടത്തിയതായും ഇയാള്‍ സമ്മതിച്ചു.

പാലക്കാട് ജയിലില്‍ നിന്നും മോചിതനായ ശേഷം നാട്ടിലെത്തി വര്‍ഷങ്ങളായി കുറ്റകൃത്യങ്ങളില്‍ നിന്നും വിട്ടു നിന്ന ഫ്രാന്‍സ് പോലീസുകാരുടയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ലോട്ടറി വിറ്റ് ഉപജീവനം നടത്തിവരികയായിരുന്നു. ഇതിനിടെ ചീട്ടുകളിയില്‍ ഏര്‍പ്പെടുകയും ധാരാളം പണം ചീട്ടുകളിയില്‍ നഷ്ടപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ വീണ്ടും മോഷണത്തിലേയ്ക്ക് തിരിഞ്ഞത്.

പിടിക്കപ്പെടുമെന്ന് കണ്ടാല്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയാണ് രീതി. അതിസമര്‍ത്ഥനായ ഓട്ടക്കാരനായതിനാലാണ് കാള്‍ലൂയീസ് പ്രാഞ്ചി എന്നും ഇയാള്‍ക്ക് വിളിപ്പേരുണ്ട്. എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഫ്രാന്‍സിസിനെതിരെ കൂടുതല്‍ കേസുകളുള്ളത്. പലകേസുകളിലായി പതിനാല് വര്‍ഷത്തോളം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

Back to top button
error: