LIFEMovie

ഒമര്‍ ലുലുവിന്‍റെ ‘നല്ല സമയം’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

മർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രം ഒടിടി റിലീസിന്. സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന ചിത്രത്തിൻറെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഏപ്രിൽ 15 ന് വിഷു ദിനത്തിലാണ് ചിത്രത്തിൻറെ ഒടിടി റിലീസ്. ഇർഷാദ് അലി നായകനായ ചിത്രത്തിൽ നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ എന്നിങ്ങനെ നാല് പുതുമുഖ നായികമാരാണ് ഉള്ളത്.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്ലർ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ അണിയറക്കാർ ചിത്രം തിയറ്ററിൽ നിന്ന് പിൻവലിച്ചിരുന്നു. എന്നാൽ എക്സൈസ് വകുപ്പ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൊലപാതക രംഗങ്ങളുള്ള സിനിമകളിൽ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരിൽ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചിരുന്നു.

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഒമർ ലുലുവിൻറെ അഞ്ചാമത്തെ ചിത്രമാണിത്. ഒമർ ലുലുവും ചിത്ര എസും ചേർന്ന് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‍തിരിക്കുന്നത് രതിൻ രാധാകൃഷ്ണൻ ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്വപ്നേഷ് കെ നായർ, സോംഗ് കട്ട് ഹേമന്ദ് കുമാർ, കാസ്റ്റിംഗ് ഡയറക്ടർ വൈശാഖ് പി വി, സെക്കൻറ് ക്യാമറ അജ്മൽ ലത്തീഫ്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിർമ്മാണം. നവംബർ 25 ന് ആയിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. ഫൺ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം സ്റ്റോണർ വിഭാഗത്തിൽ പെടുന്ന ഒന്ന് കൂടിയാണ്.

Back to top button
error: