CrimeNEWS

വീടിനു മുന്‍പിലെ കുടത്തില്‍ താക്കോല്‍; വീട് തുറന്ന് 5 പവനും 2 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ രാജന്‍ രാജമ്മ പിടയില്‍

കൊച്ചി: പട്ടാപ്പകല്‍ പേഴയ്ക്കാപ്പിള്ളിയില്‍ വീട്ടില്‍ നിന്ന് 5 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്ന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കീരമ്പാറ പുന്നെക്കാട് കൃഷ്ണപുരം കോളനിയില്‍ പരുത്തലത്തില്‍ രാജന്‍ രാജമ്മയെയാണു(45) അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16നാണു പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ഇടപ്പാറ ബാവുവിന്റെ വീട്ടില്‍ കുടുംബാംഗങ്ങളെല്ലാം വീടു പൂട്ടി പുറത്തു പോയപ്പോഴാണു മോഷണം നടന്നത്.

രാജന്‍ രാജമ്മ

കുടുംബാംഗങ്ങള്‍ വീടിനു മുന്‍പിലെ കുടത്തില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് വീടു തുറന്നു മുറികളിലെ 2 അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവരുകയായിരുന്നു. മോഷണത്തിനു ശേഷം താക്കോല്‍ കുടത്തില്‍ തന്നെ തിരികെ വച്ച ശേഷമാണ് മോഷ്ടാവ് കടന്നത്. മൂവാറ്റുപുഴയില്‍ മോഷണങ്ങള്‍ പതിവായതില്‍ പ്രതിഷേധം ശക്തമായതോടെ റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണു മോഷ്ടാവ് പിടിയിലായത്.

മോഷണം നടന്ന വീടിന്റെ സമീപത്ത് സംശയം തോന്നിയവരെ ചോദ്യം ചെയ്തു വിവരങ്ങള്‍ ശേഖരിച്ചും പ്രദേശത്തെ അന്‍പതോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി പരിശോധിച്ചും ആണു പോലീസ് മോഷ്ടാവിനെ കണ്ടെത്തിയത്. ഏറ്റുമാനൂര്‍, കുറവിലങ്ങാട്, പോത്താനിക്കാട്, ഊന്നുകല്‍, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ഒട്ടേറെ മോഷണം പിടിച്ചുപറി കേസുകളില്‍ രാജന്‍ പ്രതിയാണ്.

സ്‌കൂട്ടറില്‍ കറങ്ങി നടന്ന വിവിധ നിര്‍മാണ ജോലികള്‍ നടക്കുന്ന വര്‍ക് സൈറ്റുകളില്‍ തൊഴിലാളിയായി എത്തി ഇതിന്റെ മറവിലാണു മോഷണം നടത്തിയിരുന്നത്. കവര്‍ന്നെടുത്ത സ്വര്‍ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ മുവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: