Movie

‘പാതിരാവും പകൽവെളിച്ചവും’ തിയേറ്ററിൽഎത്തിയിട്ട് 49 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

എം.ടി വാസുദേവൻ നായർ- എം ആസാദ് കൂട്ടുകെട്ടിലെ ‘പാതിരാവും പകൽവെളിച്ചവും’ തിരശ്ശീലയിൽ അനാവൃതമായിട്ട് 49 വർഷം. 1974 മാർച്ച് 28 നായിരുന്നു എം.ടിയുടെ ആദ്യ നോവൽ അതേ പേരിൽ ചലച്ചിത്രമായത്. ഉപേക്ഷിച്ചു പോയ അച്ഛൻ തിരിച്ചു വന്നപ്പോൾ തിരസ്ക്കരിക്കുന്ന മകന്റെ കഥയാണ് സിനിമ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അമ്പതുകളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവലാണിത്.

ഹിന്ദു-മുസ്‌ലിം പശ്ചാത്തലത്തിലാണ് കഥ. ഗോപിയും ഫാത്തിമയും പ്രണയബദ്ധരായെങ്കിലും ഗോപിയുടെ യാഥാസ്ഥിതിക കുടുംബം ആ വിവാഹത്തെ എതിർത്തു. ഗോപി മറ്റൊരു വിവാഹം കഴിച്ച് പോയി. അതിനോടകം ഗർഭിണിയായ ഫാത്തിമ ഒരു കുഞ്ഞിനെ പ്രസവിച്ച് മൊയ്‌തീൻ എന്ന് പേരിട്ട് അവനെ വളർത്തി. അച്ഛൻ ജീവിച്ചിരിക്കേ നിന്ദയും മാനഹാനിയും സഹിച്ച് ‘തന്തയില്ലാത്തവനായി’ അവൻ വളരുന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷം പശ്ചാത്താപവുമായി തിരിച്ചു വരുന്ന അച്ഛനെ മകൻ സ്വീകരിക്കുന്നില്ല. സമൂഹം മോയ്തീനോട് എന്ത് കാട്ടിയോ അത് അയാൾ അച്ഛനോട് കാട്ടുന്നു.
അച്ഛനെ എതിർക്കുന്ന മകൻ, പഴയകാലത്തെ ആശ്രയിക്കാത്ത പുതിയ കാലം, മാറ്റങ്ങളെ വരവേറ്റ് സ്വയംപര്യാപ്‌തമായ പുതിയ തലമുറ എന്നിങ്ങനെയുള്ള ഉപപാഠങ്ങളും കഥയിലുണ്ട്.

പ്രേംനസീർ, ജയഭാരതി, ശങ്കരാടി, മാസ്റ്റർ രഘു തുടങ്ങിയവരായിരുന്നു മുഖ്യതാരങ്ങൾ. യൂസഫലി കേച്ചേരി എഴുതി കെ രാഘവൻ സംഗീതം പകർന്ന 4 ഗാനങ്ങളിൽ കെപി ബ്രഹ്മാനന്ദൻ പാടിയ ‘കണ്ണീരാറ്റിലെ തോണി’ പ്രശസ്‌തം.
ജോൺ എബ്രഹാമിന്റെ ‘വിദ്യാർത്ഥികളേ ഇതിലെ ഇതിലെ’ എന്ന ആദ്യചിത്രത്തിന് തിരക്കഥയെഴുതി ആസാദ്. ‘പാതിരാവും പകൽവെളിച്ച’ത്തിൻ്റെയും തിരക്കഥ ആസാദിന്റെയായിരുന്നു.

Back to top button
error: