LIFEReligion

പൊന്തൻപുഴ വനത്തിനുള്ളിൽ വാഴുന്ന തച്ചരിക്കലമ്മയ്ക്ക് ഭക്തരുടെ പടയണി സമർപ്പണം; വലിയ പടയണി ഇന്ന്

മണിമല: വനത്തിനുള്ളിൽ വാഴുന്ന തച്ചരിക്കലമ്മയ്ക്ക് ഭക്തരുടെ പടയണി സമർപ്പണം. പൊന്തൻപുഴ വനത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ഏഴ് നാൾ നീളുന്ന പടയണി ഉത്സവം. പച്ചപ്പാളിൽ വരച്ചെടുത്ത കോലങ്ങൾ തുള്ളി ഒഴിയുമ്പോൾ ദേവീകടാക്ഷമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പടയണി. തപ്പും കൈമണിയും ചേർന്ന താളത്തിൽ ആർപ്പുവിളകളോടെ പടയണിക്കളത്തിൽ ചൂട്ടുകറ്റ എരിഞ്ഞു തുടങ്ങുമ്പോൾ ആലപ്രയിൽ പടയണിക്കാലത്തിനും തുടക്കമാകും.

പടയണിയെന്ന അനുഷ്ഠാനകലാരൂപം നടക്കുന്ന കോട്ടയം ജില്ലയിലെ ഏക ക്ഷേത്രമാണ് ആലപ്ര ശ്രീഭദ്രകാളി ക്ഷേത്രം. ദാരിക നിഗ്രഹത്തിന് ശേഷം കോപാകുലയായ ഭദ്രകാളിയെ അനുനയിപ്പിക്കാൻ ശിവന്റെ ഭൂതഗണങ്ങൾ ദേവിയുടെ രൂപം പച്ചപ്പാളയിൽ വരച്ച് തുള്ളിയെന്നതാണ് പടയണിയുടെ ആധാരം. പച്ചപ്പാള ചെത്തി പ്രകൃതികൊണ്ടുള്ള നിറങ്ങൾ ഉപയോഗിച്ചാണ് വിവിധ കോലങ്ങൾ വരച്ചെടുക്കുന്നത്.

പ്രത്യേക ആകൃതിയിൽ വെട്ടിയെടുത്ത തടിയിൽ തോൽ പൊതിഞ്ഞുണ്ടാക്കുന്ന തപ്പെന്ന വാദ്യ ഉപകരണവും കൈമണിയുമാണ് ഉപയോഗിക്കുന്നത്. ഗണപതി, മറുത, മാടൻ, പക്ഷി, യക്ഷി, സുന്ദരയക്ഷി, കാലൻ, ഭൈരവി എന്നിങ്ങനെ വിവിധ കോലങ്ങൾ പാട്ടിനൊത്ത് കളത്തിൽ തുള്ളി ഒഴിയും. കാവുങ്കൽ മണിയാശാൻ, മണിമല വീട്ടിൽ കുട്ടനാശാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ .

Back to top button
error: