കാഞ്ഞങ്ങാട്: തലചുറ്റലുമായെത്തിയ കോളജ് വിദ്യാര്‍ഥിനിക്ക് ആശുപത്രിയില്‍ കുത്തിവയ്പ്പെടുത്തതിന് പിന്നാലെ മുഖം കോടുകയും കണ്ണ് തുറിച്ച് ഭീകരമായ അവസ്ഥ ഉണ്ടാവുകയും ചെയ്തതായി പരാതി. തുടര്‍ന്ന് തുടര്‍ന്ന് ചികിത്സാപിഴവ് ആരോപിച്ച് ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ പെണ്‍കുട്ടിയുടെ മാതാവ് പൊലീസിനും കലക്ടര്‍ക്കും പരാതി നല്‍കി.
സംഭവം അന്വേഷിച്ചു കൊണ്ടിരികയാണെന്നും ചികിത്സാ പിഴവ് ബോധ്യപ്പെട്ടാല്‍ കേസെടുക്കുമെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി അറിയിച്ചു. പരാതിയ്ക്ക് പിന്നാലെ ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിലിക്കോട് മടിവയലിലെ ജിജേഷ്-ഷീബ ദമ്പതികളുടെ മകളും കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമായ പി ജിഷ്ണ(23) യ്ക്കാണ് ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നത്.
ഈ മാര്‍ച്ച് 19 നാണ് പെണ്‍കുട്ടിയെ തലചുറ്റലിനെ തുടര്‍ന്ന് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നഴ്‌സ് കുത്തിവെയ്‌പ്പെടുത്തു. അതോടെ പെൺകുട്ടി ശാരീരിക ബുദ്ധിമുട്ട് ഉള്ളതായി അറിയിച്ചു. എന്നാല്‍, അത് പെട്ടെന്ന് എഴുന്നേറ്റപ്പോള്‍ ഉണ്ടായതായിരിക്കാമെന്ന് പറഞ്ഞ് കൂടെവന്ന പിതാവിനോടൊപ്പം പറഞ്ഞു വിട്ടു. ‘വീട്ടിലെത്തി അല്‍പം കഴിഞ്ഞതോടെ മകളുടെ മുഖം കോടിപോവുകയും കണ്ണ് തുറിച്ച് പോവുകയും തല ഒന്നാകെ പിറകിലോട്ട് നീങ്ങുകയുമായിരുന്നു’
മാതാവ് കണ്ണീരോടെ പറയുന്നു.
മകളുടെ ഭീകരമായ അവസ്ഥ കണ്ട് ഭയന്ന് ഉടന്‍ തന്നെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയതിനുശേഷം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അവിടെ ദിവസങ്ങളോളം നടത്തിയ ചികിത്സ കൊണ്ടാണ് മകളുടെ ജീവിതം തിരിച്ച് കിട്ടിയതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
കുത്തിവയ്പ്പും ചികിത്സാ പിഴവുമാണ് മകളുടെ അവസ്ഥയ്ക്ക് കാരണമായതെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് മാതാവ് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ചന്തേര സി ഐ പി. നാരായണന്‍ ഡോക്ടര്‍ മുഹമ്മദലിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കുത്തിവയ്പ്പ് മാറിയിട്ടില്ലെന്നും തലചുറ്റലിനുള്ള കുത്തിവയ്പ്പ് തന്നെയാണ് നടത്തിയതെന്നും ഡോക്ടര്‍ പറയുന്നു. പാര്‍ശ്വഫലങ്ങള്‍ മൂലമുള്ള ശാരീരികാസ്വാസ്ഥ്യമാകാം ഇതിന് കാരണമായതെന്നും, ആശുപത്രിയില്‍ തന്നെ എത്തിച്ചിരുന്നുവെങ്കില്‍ പാര്‍ശ്വഫലത്തിനുള്ള ചികിത്സ നല്‍കാമായിരുന്നുവെന്നുമുള്ള മൊഴിയാണ് ഡോക്ടര്‍ പൊലീസിന് നല്‍കിയത്.
പെണ്‍കുട്ടിയെ ചികിത്സിച്ച പരിയാരത്തെ ഡോക്ടറുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമായിരിക്കും പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍നടപടി ഉണ്ടാവുകയെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.