ദില്ലി: ബിൽക്കിസ് ഭാനുവിൻ്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് നൽകി. ഗുജറാത്ത് സർക്കാരിനും കേന്ദ്ര സർക്കാരിനുമാണ് സുപ്രീം കോടതി നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ പ്രതികൾക്കും നോട്ടീസ് നൽകി. അടുത്ത വാദത്തിന് മുൻപ് ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും കോടതി നിർദ്ദേശം നൽകി. ഏപ്രിൽ പതിനെട്ടിന് രണ്ട് മണിക്ക് വീണ്ടും ഹർജികൾ പരിഗണിക്കും.
ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയവരെയാണ് ജയിൽ മോചിതരാക്കിയതെന്ന് ബിൽക്കിസ് ഭാനുവിൻ്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. നിയമം അനുസരിച്ച് തന്നെയാണ് മോചനം സാധ്യമാക്കിയതെന്ന് പ്രതികളുടെ അഭിഭാഷകർ എതിർ വാദം ഉന്നയിച്ചു. ഭയാനകമായ കുറ്റകൃത്യമാണ് നടന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു. കൊലപാതക കേസുകളിലെ പ്രതികൾ ജയിൽ മോചനമില്ലാതെ കഴിയുകയാണ്. മറ്റു കേസുകളിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ ഈ കേസിൽ സ്വീകരിച്ച സാഹചര്യമെന്തെന്ന് കോടതി നീരീക്ഷിച്ചു.