CrimeNEWS

ഇടപാടുകാരില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡുകള്‍ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് ജീവനക്കാരന്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം : ഇടപാടുകാരിൽ നിന്നും ക്രെഡിറ്റ് കാർഡുകൾ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുൻ ബാങ്ക് ജീവനക്കാരൻ മലപ്പുറത്ത് പിടിയിൽ. നിലമ്പൂർ സ്വദേശി ദലീൽ പറമ്പാട്ട് എന്നയാളാണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ അധ്യാപകരുൾപ്പെടെ നിരവധി ഉദ്യോഗസ്ഥരെയാണ് പ്രതി തട്ടിപ്പിനിരയക്കിയത്.

ബാങ്കിലെ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യുന്ന ജോലിയാണ് നിലമ്പൂർ സ്വദേശി ദലീൽ ചെയ്തുവന്നിരുന്നത്. ക്രഡിറ്റ് കാർഡ് ക്യാൻസൽ ചെയ്യാൻ വരുന്ന ഇടപാടുകാരുടെ ക്രഡിറ്റ് കാർഡും മൊബൈൽ ഫോണും ലോഗിൻ ഐ.ഡിയും പാസ്‌വേഡുമൊക്കെ കൈക്കലാക്കി പണം തന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു രീതി. പ്രതിയുടെ വ്യാജ ഇമെയിൽ ഐ.ഡിയും മൊബൈൽ നമ്പറും ഇടപാടുകാരുടെ ക്രഡിറ്റ് കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും.

ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ ലോണുകൾ എടുത്ത് വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വഴിക്കടവ് സ്വദേശിനിയുടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസ്സിലാണ് ദലീൽ പിടിയിലായത്. വിശദമായ അന്വേഷണം നടത്തിയപ്പോൾ പ്രതി സമാനമായ രീതിയിൽ നിരവധിപേരെ തട്ടിപ്പിനിരയാക്കിയെന്ന് കണ്ടെത്തി.

വണ്ടൂരിലെ അങ്കണവാടി അധ്യാപികയും തട്ടിപ്പിന് ഇരയായി പൂക്കോട്ടുംപാടതെ കെ.എസ്.ഇ.ബി ജീവനക്കാരൻ്റെ ഒരുലക്ഷത്തി ഇരുപതിനായിരം രുപയും വണ്ടൂൂരിലെ ഒരു വിദ്യാലയത്തിൽ നിന്നു അഞ്ച് അദ്ധ്യപകരുടെ പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതി ഉയർന്നിട്ടുണ്ട്. പരാതിയെ തുടർന്ന് പ്രതിയെ ബാങ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു. വീണ്ടും ബാങ്ക് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടപാടുകാരെ സമീപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധി പേർ പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. തട്ടിപ്പ് വഴി ലഭിക്കുന്ന പണമുപയോഗിച്ച് പ്രതി ആഢംബര ജീവിതം നയിച്ചുവരികയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Back to top button
error: