IndiaNEWS

ടിഎൻ പ്രതാപനെയും ഹൈബി ഈഡനെയും ലോക്സഭയിൽനിന്ന് പുറത്താക്കണം; നിലപാട് കടുപ്പിച്ച് ബിജെപി

ദില്ലി: കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. പാർലമെൻറി പാർട്ടി ഭാരവാഹികളുടെ യോഗം ചേർന്ന ശേഷം എംപിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി. രണ്ടു പേരെയും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പീക്കറുടെ മുഖത്തേക്ക് രണ്ടു പേരും പേപ്പർ കീറി എറിഞ്ഞിരുന്നു. വൈകീട്ട് സഭ ചേർന്നപ്പോഴും ഇരുവരും കരിങ്കൊടി കാട്ടിയിരുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ലോക് സഭയിൽ ശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്. സ്പീക്കർക്ക് നേരെ പ്ലക്കാർഡ് വലിച്ചെറിഞ്ഞും, പേപ്പർ കീറിയെറിഞ്ഞും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രതിഷേധം. അദാനി വിഷയത്തിൽ കൂടി പ്രതിഷേധം കനത്തു. ഇതോടെ നിമിഷങ്ങൾക്കുള്ളിൽ രാജ്യസഭയും ലോക്സഭയും പിരിഞ്ഞു.

Signature-ad

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക് സഭ സെക്രട്ടറിയേറ്റിൻറെ ഉത്തരവാണ് സ്പീക്കർക്ക് നേരെ കീറിയെറിഞ്ഞത്. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും ചെയറിന് നേരെ വലിച്ചെറിഞ്ഞു. സ്ഥിതി വഷളായതോടെ നാല് മണിവരെ ലോക് സഭ നിർത്തിവച്ച് സ്പീക്കർ മടങ്ങി. രൂക്ഷമായ മുദ്രാവാക്യങ്ങളുമായി രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. നിമിഷങ്ങൾക്കുള്ളിൽ രാജ്യസഭയും പിരിഞ്ഞു. തുടർന്ന് ഗാന്ധി പ്രതിമക്ക് മുൻപിലേക്ക് പ്രതിഷേധം മാറ്റി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്ന സന്ദേശം നൽകി കറുത്ത വസ്ത്രവും മാസ്കും ധരിച്ചെത്തിയ എംപിമാർ വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Back to top button
error: