KeralaNEWS

ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്; സി.ഒ.ടി. നസീര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് കോടതി. 88ാം പ്രതി ദീപക്, 18ാം പ്രതി സിഒടി നസീര്‍, 99ാം പ്രതി ബിജു പറമ്പത്ത് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. 110 പ്രതികളെ വെറുതെവിട്ടു. കണ്ണൂര്‍ സബ് കോടതിയുടേതാണ് വിധി.

2013 ഒക്ടോബര്‍ 27 നായിരുന്നു സംഭവം. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് കത്തി നില്‍ക്കുന്ന സമയം ആയിരുന്നു അന്ന്. ഇതിനിടെ പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ എത്തിയപ്പോഴായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് നേരെ കല്ലേറുണ്ടായത്.

Signature-ad

ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ദിവസം ഇടത് പ്രവര്‍ത്തകര്‍ കളക്ടറേറ്റിന് മുന്‍പില്‍ ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക വാഹനത്തില്‍ വരുന്നതിനിടെ അദ്ദേഹത്തെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്ന് അദ്ദേഹത്തിന്റെ തലയ്ക്കും നെഞ്ചിലും പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്ക് വകവയ്ക്കാതെ പരിപാടിയില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ 113 പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ മൂന്ന് പേരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. വധ ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. ശിക്ഷ കോടതി പിന്നീട് വിധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: