കൊച്ചി: തൃപ്പൂണിത്തുറയില്‍ പോലീസ് കസ്റ്റഡിയില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിഷേധം. പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. വാഹന പരിശോധന നടത്തിയ യൂണിറ്റിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞദിവസം രാത്രി മനോഹരന്റെ മരണവിവരമറിഞ്ഞതിന് പിന്നാലെയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വാഹന പരിശോധനക്ക് നേതൃത്വം നല്‍കിയ യൂണിറ്റിലെ എല്ലാവര്‍ക്കുമെതിരേയും നടപടി സ്വീകരിക്കണമെന്നാണ് കഴിഞ്ഞദിവസവും ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് പുലര്‍ച്ചെ രണ്ടുമണിയോടെ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍ പിരിഞ്ഞുപോയത്. എന്നാല്‍ എസ്.ഐക്ക് എതിരേ മാത്രം നടപടി ഒതുങ്ങിയതോടെ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. പിന്നാലെ നാട്ടുകാരും സംഘടിച്ചെത്തി. ഇതിനുപുറമേ ബി.ജെ.പി. പ്രവര്‍ത്തകരും പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന്‍ മനോഹരന്‍ (52) ആണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. വാഹന പരിശോധനക്കിടെ ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവെച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ജീപ്പില്‍ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരന്‍ കുഴഞ്ഞുവീണെന്നാണ് പോലീസ് പറയുന്നത്. ഉടന്‍ പോലീസ് ജീപ്പില്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മനോഹരന്‍ മരിച്ച നിലയിലായിരുന്നു.
അതേസമയം, വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത മനോഹരനെ പോലീസ് മര്‍ദിച്ചതായാണ് ആരോപണം. വാഹനം നിര്‍ത്താതെ പോയ മനോഹരനെ പോലീസ് പിന്തുടര്‍ന്നെത്തി മര്‍ദിച്ചെന്നും മുഖത്തടിച്ചെന്നും ദൃക്സാക്ഷികള്‍ പറയുന്നു. പിന്നീട് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. മദ്യപിച്ചിട്ടില്ലെന്ന് മനസിലായിട്ടും മനോഹരനെ പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞിരുന്നു.