പാപ്പനംകോട് ലക്ഷ്‌മണൻ-ശശികുമാർ കൂട്ടുകെട്ടിൽ പ്രേം നസീർ ജയഭാരതി ടീം അഭിനയിച്ച’മുദ്രമോതിരം’ എത്തിയിട്ട് 45 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
പാപ്പനംകോട് ലക്ഷ്‌മണൻ- ശശികുമാർ കൂട്ടുകെട്ടിലെ ‘മുദ്രമോതിര’ത്തിന് 45 വർഷത്തെ പഴക്കം. 1978 മാർച്ച് 24 നാണ് ജൂലി എന്ന നായ്ക്കുട്ടിയും പ്രധാനറോളിലെത്തിയ ഈ ചിത്രം റിലീസ് ചെയ്‌തത്. നിർമ്മാണം ഇ.കെ ത്യാഗരാജൻ.
ഡയറി ഫാമിലെ കാമ്പൗണ്ടിലേയ്ക്ക് കൊച്ചുമുതലാളിയെ (നസീർ) കയറ്റാതെ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് നേതൃത്വം കൊടുക്കുന്നത് ജയഭാരതിയാണ്. ‘കമ്പനിയുടെ വാതിൽ അടച്ചുപൂട്ടാനേ സാറിന് കഴിയൂ, തൊഴിലാളികളുടെ മനസിന്റെ വാതിൽ അടച്ചു പൂട്ടാനാവില്ല’ എന്ന അവളുടെ വാക്ക് കേട്ട് അയാൾ തരളിതനായി. മുതലാളിയായ അമ്മാവന്റെ മകളെ അവഗണിച്ച് നസീർ-ജയഭാരതിമാർ ‘മഴമുകിൽ ചിത്രവേല’ പാടി. അവൾ ഗർഭിണിയായി. മുതലാളിയമ്മാവൻ വെറുതെയിരിക്കുമോ…? ഫാമിലെ യന്ത്രത്തിന്റെ ഷാഫ്റ്റ് ഊരി പ്രവർത്തനരഹിതമാക്കി. നസീറിന് ഇനി സ്വിറ്റ്സർലണ്ടിൽ പോയി യന്ത്രസാമഗ്രി വാങ്ങുകയേ നിവൃത്തിയുള്ളൂ. പോകുന്നതിന് മുൻപ് ജയഭാരതിയെ മുദ്രമോതിരമണിയിച്ചു. ദുഷ്ടൻ അമ്മാവൻ അവളെ തല്ലിച്ചതച്ച് മരിച്ചെന്ന് വിചാരിച്ച് റെയിൽപ്പാളത്തിൽ കൊണ്ടിട്ടു. ജയഭാരതിയെ രക്ഷിച്ച സിഗ്നൽമാൻ ബീരാന്റെ വീട്ടിൽ അവൾ ഒരു കുഞ്ഞിനെ പ്രസവിച്ചു.
രോഗബാധിതയായ അമ്മയ്ക്ക് വേണ്ടി നസീർ മുറപ്പെണ്ണിനെ കല്യാണം കഴിച്ചു. ബീരാന്റെ വീട് അമ്മാവൻ തീവച്ചു. കുട്ടിയെ നായ രക്ഷിച്ചു. ജയഭാരതിയും കുഞ്ഞും രണ്ടിടത്തായി. ‘ദൈവത്തിൻ വീടെവിടെ’ എന്ന് പാടി അവനും പട്ടിയും തെരുവിൽ വളർന്നു. നസീറിന്റെ അമ്മ അവനെ കണ്ടെത്തി വീട്ടിൽ കൂട്ടിക്കൊണ്ടുവന്നു. കൂടെ പട്ടിയുമുണ്ട്. ഭാര്യ അവനെ തല്ലുന്നത് കണ്ട് പട്ടി അവരെ ആക്രമിച്ചതിനിടയിൽ അവർ ടെറസ്സിൽ നിന്ന് വീണു മരിച്ചു. തദവസരത്തിൽ ദുഷ്ടനമ്മാവന്റെ ചെയ്‌തികൾ അമ്മാവി തന്നെ നസീറിനോട് വെളിപ്പെടുത്തി. ഇനി നസീർ-ജയഭാരതി പുനഃസമാഗമം.
സിന്ധിപ്പശുവിന്റെ മൂത്രം ബിയറാണെന്ന് പറഞ്ഞ് വാച്ചറെ കുടിപ്പിക്കുന്ന തമാശസീനുകളിൽ മണിയൻപിള്ള രാജു സുധീർകുമാറായി ഉണ്ടായിരുന്നു.
ശ്രീകുമാരൻ തമ്പി-ദേവരാജന്മാരുടെ 4 ഗാനങ്ങളിൽ ‘മഴമുകിൽ ചിത്രവേല’യും, ‘ദൈവത്തിൻ വീടും’ സംഗീതാസ്വാദകർ ഇന്നും നെഞ്ചേറ്റുന്നു.