KeralaNEWS

നിയമസഭയ്ക്കുള്ളിൽ നടുത്തളത്തിൽ സത്യഗ്രഹമെന്ന സമര രീതി കേരളത്തിന് പരിചയപ്പെടുത്തിയത് സാക്ഷാൽ ഇഎംഎസ്!

നിയമസഭയ്ക്കുള്ളിൽ സത്യഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷത്തിനെതിരെ ഇന്ന് സിപിഎം മന്ത്രിമാർ നടപടി ആവശ്യപ്പെട്ടെങ്കിലും നടുത്തളത്തിൽ സത്യഗ്രഹമെന്ന സമര രീതി കേരളത്തിന് പരിചയപ്പെടുത്തിയത് സാക്ഷാൽ ഇഎംഎസ് ആണ്. ഏറ്റവും കൂടുതൽ തവണ സഭയ്ക്കുള്ളിൽ സത്യഗ്രഹമിരുന്ന ചരിത്രവും ഇടതുപക്ഷത്തിനാണ്.

നിയമസഭാ വളപ്പ് പലപ്പോഴും പ്രതിപക്ഷ സത്യാഗ്രഹങ്ങൾക്ക് വേദിയാകാറുണ്ടെങ്കിലും സഭ നടന്നുകൊണ്ടിരിക്കെ നടുത്തളത്തിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടന്നത് മുൻപ് അഞ്ച് തവണ മാത്രമാണ്. ഈ സമര രീതി കേരളത്തിന് പരിചയപ്പെടുത്തിയത് മുൻ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടും. 1974 ൽ അച്യുതമേനോൻ മന്ത്രിസഭയിലെ ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കണമെന്ന ആവശ്യത്തിലായിരുന്നു ഇ എം എസിന്റെ സമരം. 1974 ഒക്ടോബർ 21 ന് ഇഎംഎസിന്റെ നേതൃത്വത്തിൽ 5 എംഎൽഎമാർ സഭാതലത്തിൽ സത്യഗ്രഹം തുടങ്ങിയതോടെ സഭാ നിർത്തി.

1975 ഫെബ്രുവരി 25ന് ഇതേ ആവശ്യവുമായി സഭയുടെ നടുത്തളത്തിൽ ഇഎംഎസിന്റെ നേതൃത്വത്തിൽ നടത്തിയ സമരം 30 മണിക്കൂർ നീണ്ടു. പ്രതിപക്ഷം രാത്രി മുഴുവൻ നിയമസഭയിൽ തുടർന്നതോടെ അടുത്ത ദിവസം സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സമരവും അവസാനിച്ചു. പിന്നീട് കാൽ നൂറ്റാണ്ട് ആരും ഈ സമരരീതി പുറത്തെടുത്തില്ല. 2000 ജൂലൈ 17ന് പ്ലസ് ടു അഴിമതി പ്രശ്നമുയർത്തി യുഡിഎഫ്, ഇഎംഎസിന്റെ സമരരീതി ഏറ്റെടുത്തു. കെ.ബാബു, ബാബു ദിവാകരൻ, സി.ജെ.ജോയ്, മാമൻ മത്തായി, ശോഭന ജോർജ് എന്നിവർ സഭയ്ക്കുള്ളിൽ കുത്തിയിരുന്നു, കർക്കശക്കാരനായ സ്പീക്കർ എം വിജയകുമാർ സഭയ്ക്കുള്ളിൽ ലൈറ്റും എസിയും ഓഫാക്കാട്ടിയതോടെ സമരം അവസാനിച്ചു. സഭാ പിറ്റേന്ന് പിരിയുകയും ചെയ്തു.

2011 ൽ വീണ്ടും ഇടതുപക്ഷം നടുത്തള സമരം പുറത്തെടുത്തു. പ്രതിപക്ഷ എംഎൽഎമാരും വാച്ച് ആൻഡ് വാർഡുമായി സംഘർഷമുണ്ടായതിനെ തുടർന്ന് ഒക്ടോബർ 17ന് ജെയിംസ് മാത്യുവിനെയും ടി.വി.രാജേഷിനെയും സസ്പെൻഡ് ചെയ്തു. അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നടുത്തളത്തിൽ സത്യഗ്രഹം പ്രഖ്യാപിച്ചു. സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട ശേഷം രാജേഷും ജെയിംസ് മാത്യുവും സത്യാഗ്രഹത്തിൽ പങ്കാളികളായി. രാത്രി മുഴുവൻ പ്രതിപക്ഷം സഭയ്ക്കുള്ളിൽ തുടർന്നതോടെ അടുത്ത ദിവസം സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. വനിതാ വാച്ച് ആൻഡ് വാർഡിനോട് അപമര്യദയായി പെരുമാറിയെന്ന ഭരണപക്ഷ ആരോപണത്തിന് മുന്നിൽ ടി വി രാജേഷ് പൊട്ടിക്കരയുന്നതും അന്ന് കേരളം കണ്ടു.

ബാർകോഴ ആരോപണം കൊടുങ്കാറ്റിയ വീശിയ 2015 കാലം. ആരോപണവിധേയനായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ 2015 മാർച്ച് 12ന് ഇടതുപക്ഷ എംഎൽഎമാർ ഒന്നാകെ സഭയുടെ നടുത്തളത്തിൽ തുടർന്നു. കേരളനിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അക്രമമാണ് പിറ്റേന്ന് കേരളം കണ്ടത്. ഇന്ന് പ്രതിപക്ഷത്തോട് മര്യാദ ഉപദേശിക്കുന്ന സിപിഎം നേതാക്കൾ അന്ന് നടത്തിയത് ജനാധിപത്യത്തിന് തന്നെ മാനക്കേടായ അക്രമം. നടുത്തളത്തിൽ സത്യഗ്രഹം നടത്തുന്നത് ശരിയായ രീതിയല്ലെന്ന് സ്പീക്കർ എ.എൻ.ഷംസീറും സഭാചട്ടം അനുസരിച്ച് നടുത്തളത്തിൽ സത്യഗ്രഹം ഇരിക്കാൻ കഴിയില്ലെന്ന് മന്ത്രി എം.ബി രാജേഷും ഇന്ന് പറഞ്ഞെങ്കിലും സഭയുടെ ഈ മുൻകാല ചരിത്രങ്ങൾ അവരുടെ വാദങ്ങൾ അപ്രസക്തമാകുന്നു.

Back to top button
error: