തിരുവനന്തപുരം: പേട്ടയില്‍ നിന്ന് കാണാതായ പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ കണിയാപുരത്ത് നിന്നും കണ്ടെത്തി. വീട്ടില്‍ നിന്ന് ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത്. അമ്മ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് പേട്ട പൊലീസ് സ്റ്റേഷനില്‍ 15 വയസുകാരിയെ കാണാനില്ലെന്ന് പരാതി എത്തിയത്. പോക്‌സോ കേസിലെ പരാതിക്കാരിയെ ആണ് കാണാതായത്. പോലീസ് വ്യാപകമായി നഗരത്തില്‍ അന്വേഷണം നടത്തി.
അരമണിക്കൂറിന് ശേഷം കണിയാപുരത്ത് വെച്ച് സുഹൃത്തിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. അമ്മക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. ഈ കുട്ടിയെ കാണാതെ പോയി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സ്‌കൂളിലേക്ക് പരീക്ഷയെഴുതാന്‍ പോകുകയാണെന്നും ഉള്ള ഫോണ്‍കോള്‍ അമ്മക്ക് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.