KeralaNEWS

കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കണം; ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി

ന്യൂഡല്‍ഹി: അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കിയേ മതിയാകൂവെന്ന് സുപ്രീംകോടതി. പൂര്‍ണമായി പൊളിച്ചുമാറ്റിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. പൊളിക്കല്‍ നടപടികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ആലപ്പുഴ പാണാവള്ളിയില്‍ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ 54 കോട്ടേജുകള്‍ പൊളിച്ചു നീക്കിയതായി ചീഫ് സെക്രട്ടറിക്കുവേണ്ടി ഹാജരായ സംസ്ഥാന സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി സുപ്രീംകോടതിയെ അറിയിച്ചു. റിസോര്‍ട്ടിന്റെ പ്രധാന കെട്ടിടമാണ് ഇനി പൊളിക്കാനുള്ളതെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന്റെ വിശദീകരണത്തില്‍ ജസ്റ്റിസുമാരായ അനിരുദ്ദ ബോസ്, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.

കോടതി ഉത്തരവ് പൂര്‍ണണായി നടപ്പാക്കണം. അല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. ശാസ്ത്രീയ പഠനമില്ലാതെ, റിസോര്‍ട്ട് പൊളിക്കുന്നത് വേമ്പനാട് കായലിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ പൊളിക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. റിസോര്‍ട്ട് പൊളിക്കുമ്പോള്‍ പരിസ്ഥിതി വിഷയങ്ങള്‍ കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസ് സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: