തിരുവനന്തപുരം: റെയില്‍വേ ശൗചാലയത്തിലെ ഫോണ്‍നമ്പറില്‍ കുരുങ്ങിയ തന്റെ ജീവിതത്തെ നിയമപോരാട്ടത്തിലൂടെ തിരിച്ചുപിടിക്കുകയാണ് പാങ്ങപ്പാറ സ്വദേശിയായ വീട്ടമ്മ. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ശൗചാലയത്തില്‍ തന്റെ പേരും ഫോണ്‍ നമ്പറും കുറിച്ചിട്ട വ്യക്തിയെ കൈയക്ഷരത്തിലൂടെ കുടുക്കിയാണ് വീട്ടമ്മയുടെ നീതിക്കായുള്ള പോരാട്ടം.
അയല്‍വാസിയും അസിസ്റ്റന്റ് പ്രൊഫസറുമായ അജിത് കുമാറിന്റേതാണ് കൈയക്ഷരമെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു. എറണാകുളം സൗത്ത് പോലീസ് അജിത് കുമാറിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസിന്റെ നിര്‍ണായകഘട്ടം കഴിഞ്ഞു.
2018 മേയ് നാലിനാണ് വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീലച്ചുവയോടെയുള്ള കോളുകളെത്തിയത്. തമിഴ് കലര്‍ന്ന സംസാരം. തുടര്‍ന്ന് മേയ് 8-ന് കൊല്ലത്തുനിന്നെത്തിയ ഒരു അപരിചിതന്റെ ഫോണ്‍കോളില്‍നിന്ന് ശൗചാലയത്തിലെ ഫോണ്‍ നമ്പറിനെക്കുറിച്ച് സൂചന ലഭിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ശൗചാലയത്തില്‍ വീട്ടമ്മയുടെ പേരും ഫോണ്‍ നമ്പറും കണ്ടതായും വിവരം ധരിപ്പിക്കാനാണ് വിളിച്ചതെന്നും അപരിചിതന്‍ പറഞ്ഞു.
തുടര്‍ന്ന് ഇയാള്‍ ചിത്രമെടുത്ത് തെളിവ് വീട്ടമ്മയ്ക്ക് വാട്‌സാപ്പില്‍ അയച്ചുകൊടുത്തു. ഇതാണ് പ്രതിയെ തിരിച്ചറിയാന്‍ വഴിത്തിരിവായത്. വീട്ടമ്മയുടെ നിര്‍ദേശപ്രകാരം ഫോണ്‍നമ്പര്‍ അയാള്‍ മായ്ച്ചുകളഞ്ഞുവെന്നും അവര്‍ പറയുന്നു.
ചുവരിലെ കൈയക്ഷരം പരിചിതമായി തോന്നിയ വീട്ടമ്മ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ ഭര്‍ത്താവ് സൂക്ഷിച്ചിരുന്ന അസോസിയേഷന്റെ മിനുട്സ് ബുക്കുമായി കൈയക്ഷരം ഒത്തുനോക്കി. വാട്‌സാപ്പിലൂടെ അപരിചിതന്‍ അയച്ച ചിത്രത്തിലെ കൈയക്ഷരവും മിനുട്സ് ബുക്കിലുള്ളതും ഒന്നാണെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ശാസ്ത്രീയ പരിശോധനകള്‍ക്കായി ബെംഗളൂരുവിലുള്ള സ്വകാര്യ ഫൊറന്‍സിക് ഏജന്‍സിക്ക് അയച്ച് ഉറപ്പുവരുത്തി. മുന്‍പ് കരിയത്തെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ഭര്‍ത്താവിനോടു പ്രതിക്കുള്ള വിരോധമാണ് പകവീട്ടലിനു കാരണമെന്നാണ് വീട്ടമ്മയുടെ ആരോപണം.
തുടര്‍ന്ന് സൈബര്‍സെല്‍, അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍, ഡി.ജി.പി., എറണാകുളം റെയില്‍വേ പോലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കി. വീട്ടമ്മയുടെ പരാതിയിന്മേലുള്ള ഫൊറന്‍സിക് പരിശോധനാഫലവും ഇവര്‍ക്ക് അനുകൂലമായി.