IndiaNEWS

‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പി’ന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദിവാല എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഭിഭാഷകയായ മമതാ റാണിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

രാജ്യത്ത് ലിവ് ഇന്‍ റിലേഷനിലുള്ള എല്ലാവര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന പങ്കാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

”ഇത് എന്താണ്? എന്തിനും ഏതിനും ആളുകള്‍ ഇവിടേക്ക് വരികയാണ്. ഇത്തരം കേസുകള്‍ക്കു മേല്‍ ഇനി മുതല്‍ പിഴചുമത്താന്‍ പോകുകയാണ്. ആരുമായാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്? കേന്ദ്രസര്‍ക്കാരുമായോ? ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള ആളുകളും കേന്ദ്രസര്‍ക്കാരും തമ്മിലെന്താണ്?”, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള ആളുകളുടെ സുരക്ഷയെ കരുതിയാണോ അതോ, ആളുകളെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് അനുവദിക്കാതിരിക്കാനാണോ ശ്രമമെന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരിയോട് ആരാഞ്ഞു. ഇത്തരം ഹര്‍ജികള്‍ക്കു മേല്‍ പിഴ ചുമത്തേണ്ടതാണ്. വിവേകരഹിതമായ ആശയമാണിതെന്നും ഹര്‍ജി തള്ളുന്നതായും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: