തൃശൂര്‍: ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗവും മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗവുമായ കെ.ബി. സുധയുടെയും മേത്തല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പ്ലാക്കപ്പറമ്പില്‍ പരേതനായ ഉണ്ണികൃഷ്ണന്റെയും ഏകമകന് അമല്‍ കൃഷ്ണന് (സോനു -31) ആണ് ഞായറാഴ്ച രാത്രിയോടെ വീട്ടില്‍ മരിച്ചത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സി.പി.എം. അനുഭാവിയാണ് മരിച്ച അമല്‍. തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമല്‍ കൃഷ്ണനെ കഴിഞ്ഞദിവസം ചികിത്സ ഫലിക്കുന്നില്ലെന്നുകാണിച്ച് വീട്ടിലേക്ക് മടക്കിയിരുന്നു.
ഫെബ്രുവരി ഒന്നിന് രാവിലെ 10.45-ഓടെയാണ് പഞ്ചായത്ത് ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.എന്‍. ജ്യോതിലാല്‍, ഏരിയാ കമ്മിറ്റി അംഗം കെ.എച്ച്. സുല്‍ത്താന്‍, ലോക്കല്‍ കമ്മിറ്റി അംഗം വി.എ. ഷെബി എന്നിവര്‍ മര്‍ദിച്ചെന്ന് അമല്‍ കൃഷ്ണന് മൊഴിനല്‍കിയിരുന്നു. ഇവര്‍ക്കെതിരേ വാടാനപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. അമല്‍ കൃഷ്ണന്റെ പേരിലും കേസെടുത്തിരുന്നു.
അമല്‍ കൃഷ്ണന്റെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായിരുന്നു. തൃത്തല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും ജില്ലാ ആശുപത്രിയിലും ചികിത്സതേടിയ അമല്‍ കൃഷ്ണനെ, തുടര്‍ന്ന് എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അമല്‍ കൃഷ്ണന് മരിച്ചതിനെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വാടാനപ്പള്ളി എസ്.എച്ച്.ഒ. സാബുജി പറഞ്ഞു. സംഘര്‍ഷത്തില്‍ ഏറ്റ പരുക്കാണ് മരണകാരണമെന്ന് ബന്ധുക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഫോറന്‍സിക് സര്ജന് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.