IndiaNEWS

പഞ്ചാബില്‍ ഇന്റര്‍നെറ്റ് വിലക്ക് നീട്ടി; അമൃത്പാല്‍ സിങ്ങിനായി തിരച്ചില്‍ ഊര്‍ജ്ജിതം, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പോലീസ്. ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവായ അമൃത്പാല്‍ സിങ്ങിന്റെ വസതിയില്‍ പഞ്ചാബ് പോലീസ് നാലു മണിക്കൂറിലധികം പരിശോധന നടത്തി. അമൃത് പാലിനെ പഞ്ചാബ് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ മേഹത്പുരില്‍ പഞ്ചാബ് പോലീസ് അമൃത്പാല്‍ സിങ്ങിന്റെ വാഹനവ്യൂഹം തടഞ്ഞെങ്കിലും വാഹനങ്ങള്‍ മാറിക്കയറി ഇയാള്‍ രക്ഷപ്പെട്ടു. 20-25 കിലോമീറ്ററോളം പൊലീസ് അമൃത്പാലിനെ ചേസ് ചെയ്തു. രക്ഷപ്പെട്ട അമൃത്പാലിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാണെന്നും, ഉടന്‍ തന്നെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

ഇയാളുടെ ആഡംബര എസ്‌യുവി അടക്കമുള്ള കാറുകള്‍ പോലീസ് കണ്ടെടുത്തു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. അമൃത്പാലിന്റെ ഉപദേശകനും സാമ്പത്തിക സ്രോതസുമായ ദല്‍ജീത് സിങ്ങിനെയും പോലീസ് രാവിലെ അറസ്റ്റ് ചെയ്തു. അമൃത്പാലിന്റെ അനുയായികളായ 78 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അമൃത്പാലിനെ പിടികൂടാനുള്ള ശ്രമത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചാബില്‍ ഉടനീളം ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് നാളെ വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോയിസ് കോളുകള്‍ മാത്രമാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ഖലിസ്ഥാന്‍ ഭീകരന്‍ ഭിന്ദ്രന്‍വാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാല്‍ സിങ് (29) ‘ഭിന്ദ്രന്‍വാല രണ്ടാമന്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ, അമൃത്പാല്‍ സിങ് രാജ്യം വിടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. നേപ്പാള്‍ വഴി കാനഡയിലേക്കു കടക്കാനാണ് ശ്രമമെന്നാണ് വിവരം. ക്രമസമാധാന പ്രശ്നം ഒഴിവാക്കാന്‍ അമൃത്പാലിനോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സംസ്ഥാന പോലീസ് ഊര്‍ജിതമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാര്‍ച്ച് രണ്ടിന് ഇരുവരും നടത്തിയ കൂടിക്കാഴ്ചയില്‍ അമൃത്പാലിന്റെ അറസ്റ്റും വിഷയമായിരുന്നുവെന്നാണ് സൂചന. ക്രമസമാധന വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായെന്ന് അമിത് ഷായെ കണ്ടതിന് പിന്നാലെ മന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതേവിഷയത്തില്‍ പഞ്ചാബ് ഗവര്‍ണറുമായും മന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ, ഇന്ദിരാ ഗാന്ധിയുടെ അവസ്ഥയായിരിക്കും താങ്കള്‍ക്കെന്ന് അമിത് ഷായേയും മുന്‍ മുഖ്യമന്ത്രി ബിയന്ത് സിങ്ങിന്റെ പാതയിലാണ് നിങ്ങളെന്ന് മന്നിനേയും വെല്ലുവിളിച്ചതാണ് അമൃത്പാലിന്റെ അറസ്റ്റിലേക്ക് എത്രയും പെട്ടെന്ന് നീങ്ങാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: