KeralaNEWS

ബിഷപ്പിന്റെ പ്രസംഗം ബിജെപിയെ ലജ്ജയില്ലാതെ ന്യായീകരിക്കുന്നത്; വിമര്‍ശിച്ച് സിപിഎം നേതാക്കള്‍

കണ്ണൂര്‍: ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക റാലിയില്‍ തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗം ദൗര്‍ഭാഗ്യകരവും കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിനു മുറിവേല്‍പിക്കുന്നതുമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. റബറിന് കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നും കേരളത്തില്‍ നിന്ന് എംപി ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമുള്ള ബിഷപ്പിന്റെ പ്രസംഗം ന്യൂനപക്ഷവേട്ടയ്ക്കു നേതൃത്വം നല്‍കുന്ന ബിജെപിയെ ലജ്ജയില്ലാതെ ന്യായീകരിക്കുന്നതാണെന്ന് എം.വി.ജയരാജന്‍ ചൂണ്ടിക്കാട്ടി.

മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി മന്ത്രി എം.ബി.രാജേഷും രംഗത്തെത്തി. കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ക്രൈസ്തവര്‍ക്ക് അറിയാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുള്ളിപ്പുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Signature-ad

കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രതിസന്ധിയ്ക്കും വിലയിടിവിനും കാരണം കേന്ദ്ര നയങ്ങളാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി പ്രതികരിച്ചു. ആ നയം തിരുത്തണമെന്നാണ് ബിഷപ്പ് പ്രസംഗത്തിലൂടെ ഉദ്ദേശിച്ചതെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

അതേസമയം, ഏതു തുറുപ്പുചീട്ട് ഇറക്കിയാലും ആര്‍എസ്എസും ബിജെപിയും ആഗ്രഹിക്കുന്നത് കേരളത്തില്‍ നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും, കേന്ദ്ര സര്‍ക്കാരും അവരും തമ്മിലുള്ള വിഷയത്തില്‍ എന്തു പ്രതികരിക്കാനാണെന്നും ഗോവിന്ദന്‍ ചോദിച്ചു.

Back to top button
error: