Movie

കബനി നദികടന്ന്, കാടിറങ്ങി താര രാജാവിനെ കാണാൻ ആദിവാസി മൂപ്പൻമാരും സംഘവും

വയനാട്: മലയാളത്തിന്റെ മഹാനാടൻ മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ ആദിവാസി മൂപ്പൻമാരും സംഘവും കാടിറങ്ങി എത്തി. വയനാട്ടിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അവർ എത്തിയത്. കേരള – കർണാടക അതിർത്തിയിലെ ഉൾകാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയിൽ നിന്നാണ് മൂപ്പൻമാരായ ശേഖരൻ പണിയ, ദെണ്ടുകൻ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആദിവാസി സഹോദരങ്ങൾ താരരാജാവിനെ കാണാൻ എത്തിയത്.

കോളനിയിലെ 28 ഓളം കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ആവശ്യമായ വസ്ത്രങ്ങൾ നൽകിയാണ് മെഗാസ്റ്റാർ മൂപ്പനും സംഘത്തിനും സ്വീകരണം നൽകിയത്. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് ആവശ്യമായ വസ്ത്രങ്ങൾ നൽകിയത്.

തുടർന്ന് മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കോളനി സന്ദർശിക്കുകയും ഓരോ വീടുകളിൽ എത്തി കോളനി നിവാസികളായ മറ്റെല്ലാവർക്കും വസ്ത്രങ്ങൾ നൽകുകയും ചെയ്തു. ഫൌണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് വസ്ത്രങ്ങൾ വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു. ചടങ്ങിൽ ഡി.എഫ്.ഒ സജ്‌ന, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. പി അബ്ദുൾ സമദ്, കെയർ ആൻഡ് ഷെയർ പ്രൊജക്റ്റ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, മറ്റു ഫോറസ്റ്റ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: