KeralaNEWS

രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിൽ വച്ച് പിടികൂടിയ ഡ്രൈവറെ മർദ്ദിച്ച് കൊന്ന സംഭവം,  ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിഞ്ഞ 4 പ്രതികൾ പിടിയിൽ

   തൃശൂർ: രാത്രി വനിതാ സുഹൃത്തിനെ കാണാനെത്തിയ  സ്വകാര്യ ബസ് ഡ്രൈവറെ തടഞ്ഞുനിർത്തി ക്രൂരമർദ്ദനത്തിനിരയാക്കുകയും ഒടുവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങുകയും ചെയ്ത സംഭവത്തിൽ നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് സഹാര്‍ (32) മരിച്ച സംഭവത്തിൽ ചേർപ്പ് സ്വദേശികളായ കൊടക്കാട്ടിൽ അരുൺ, ചിറക്കൽ അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ നാളെ വൈകിട്ടോടെ തൃശൂരിൽ എത്തിക്കും.

സഹാറിനെ ആക്രമിച്ചതിന്റെ മൂന്നാം നാള്‍ പ്രതികള്‍ ഉത്തരാഖണ്ഡിലേക്ക് കടന്നിരുന്നു. തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്രേയുടെ നേതൃത്വത്തില്‍ അന്‍പതിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ കുടുക്കാന്‍ തീവ്രമായ ശ്രമം തുടരുകയായിരുന്നു. ഇതിനിടെ സൈബര്‍ സെല്‍ നടത്തിയ നിര്‍ണായക നീക്കമാണ് വഴിത്തിരിവായത്. പ്രതികള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത് വാട്സാപ്പ് കോളിലൂടെ മാത്രമായിരുന്നു. ഇതു മനസ്സിലാക്കി വീട്ടുകാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ നിരീക്ഷണത്തിലാക്കി. ഈ സമയത്താണ് പ്രതികള്‍ വാട്സാപ്പില്‍ ബന്ധപ്പെട്ടത്. പ്രതികളുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതും ഇങ്ങനെയാണ്.

ചിറയ്ക്കൽ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്തുവച്ച് ഫെബ്രുവരി 18നാണ് എട്ടംഗ സംഘം സഹാറിനെ വളഞ്ഞിട്ടു മർദിച്ചത്. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ സഹാറിന്റെ വാരിയെല്ലൊടിഞ്ഞു. നട്ടെല്ലിനു പൊട്ടലുണ്ടായി. വൃക്കകളും അനുബന്ധ ആന്തരികാവയവങ്ങളും തകർന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സഹാർ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം ഏഴിനാണ് മരണത്തിനു കീഴടങ്ങിയത്. സംഭവം നടന്ന് ഒരു മാസം പൂർത്തിയാകുമ്പോഴാണ് നാലു പേരെ പൊലീസ് പിടികൂടിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അവർ ഒളിവിൽ പോകാൻ കാരണം പൊലീസ് അനാസ്ഥയാണെന്ന് വിമർശനം ശക്തമായിരുന്നു.

വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹാറിനെ പ്രതികൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ചെകിട്ടത്തടിച്ചു കൊണ്ടായിരുന്നു മർദ്ദനത്തിന്റെ തുടക്കം. പുലർച്ചെ 3 വരെ വിട്ടയയ്ക്കാതെ തടഞ്ഞുവച്ചു. പിന്നീട് ഒരുവിധം നടന്നു വ‍ീട്ടിലെത്തിയ സഹാർ കുഴഞ്ഞുവീണു. വീട്ടുകാരാണു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രി വെന്‍റിലേറ്ററില്‍ കഴിയവെയാണ് സഹര്‍ മരിച്ചത്. പ്രതികളെ പിടികൂടാത്തതിൽ പോലീസിനെ രൂക്ഷ വിമർശനമുയർന്നിരുന്നു. പ്രതികളെ രക്ഷപ്പെടാൻ പോലീസ് സൗകര്യമൊരുക്കി എന്നും കുടുംബം ആരോപണം ഉന്നയിച്ചു. ഷംസുദ്ദീന്റെയും സുഹറയുടെയും മകനാണ്. അവിവാഹിതൻ. സഹോദരി: ഷാബിത.

സംഭവത്തിൽ 10 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തെന്നും ആക്രമണത്തിനു നേതൃത്വം നൽകിയെന്നു സംശയിക്കുന്ന പഴുവിൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുൽ വിദേശത്തേക്കു കടന്നെന്നും പൊലീസ് അറിയിച്ചിരുന്നു. സഹാറിന്റെ പരിചയക്കാരനായിരുന്നു രാഹുൽ. ഇവർ തമ്മിലുണ്ടായ തർക്കമാണു സംഭവത്തിന്റെ കാരണമെന്നു സംശയിക്കുന്നു. കോട്ട കരിക്കിൻ തറ വിഷ്ണു, മച്ചിങ്ങൽ ടിനോ, മച്ചിങ്ങൽ അഭിലാഷ്, കൊടക്കാട്ടിൽ വിജിത്ത്, കൊടക്കാട്ടിൽ അരുൺ, എട്ടുമന കാരണയിൽ ജിഞ്ചു ജയൻ, ചിറക്കൽ അമീർ എന്നിവർക്കെതിരെ പൊലീസ് ഇതിനിടെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കണ്ടാലറിയാവുന്ന 2 പേർക്കെതിരെ കൂടി കൊലക്കുറ്റത്തിനു കേസെടുക്കുകയും ചെയ്തു.

സഹാറിനെ തല്ലിച്ചതയ്ക്കുന്ന ദൃശ്യം മുഴുവൻ സമീപത്തെ ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. സംഭവത്തിന്റെ പിറ്റേന്നുതന്നെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്തില്ല.

ഇതിനിടെ  ബസ് ഡ്രൈവറെ ക്രൂരമായി തല്ലിച്ചതച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് സഹായം നൽകിയ ചേര്‍പ്പ് സ്വദേശികളായ ഫൈസല്‍, സുഹൈല്‍ എന്നിവരെ പോലീസ്  അറസ്റ്റ് ചെയ്തിതിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: