CrimeNEWS

എസ്എഫ്ഐക്കാര്‍ മര്‍ദിച്ചു, പത്തുമണിക്കൂര്‍ പൂട്ടിയിട്ടു; ലോ കോളജ് അധ്യാപിക

തിരുവനന്തപുരം: അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ലോ കോളജ് അധ്യാപകര്‍ക്ക് നേരെ ആക്രമണം. ലോ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തര്‍ മര്‍ദിച്ചെന്ന ആരോപണവുമായി അധ്യാപിക വി.കെ സഞ്ജു. പത്ത് മണിക്കൂറോളം നേരം അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ടുവെന്നും കഴുത്തിന് പരിക്കേറ്റതായും അസിസ്റ്റന്റ് പ്രൊഫസര്‍ വി കെ സഞ്ജു പറഞ്ഞു.

ഇന്നലെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം. ലോ കോളജില്‍ കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവത്തില്‍ 24 എസ്എഫ്ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഉപരോധം.

കെഎസ്‌യുവിന്റെ കൊടിമരവും തോരണങ്ങളും കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് 24 എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തതെന്ന് അധ്യാപിക പറഞ്ഞു. ഇന്നലെത്തെ സമരത്തില്‍ പുറത്തുനിന്നെത്തിയവരും ഉണ്ടായിരുന്നു. താനടക്കം 21 അധ്യാപകരെ പത്ത് മണിക്കൂറോളം നേരം മുറിയില്‍ പൂട്ടിയിടുകയും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും അധ്യാപിക പറഞ്ഞു. ശ്വാസംമുട്ടലുണ്ടെന്ന് കുട്ടികളെ അറിയിച്ചിട്ടും പുറത്തേക്ക് ഇറങ്ങാന്‍ അനുവദിച്ചില്ലെന്നും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെഎസ്‌യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കൊടിമരം നശിപ്പിച്ച സംഭവത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും സിസി ടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ടെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

 

 

Back to top button
error: