KeralaNEWS

പ്രതിഷേധങ്ങൾ സെൻസര്‍ ചെയ്യുന്ന സഭാ ടിവി നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; സമാന്തര ഇടപെടലുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പ്രതിഷേധങ്ങൾ സെൻസര്‍ ചെയ്യുന്ന സഭാ ടിവി നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ ദൃശ്യങ്ങൾ കാണിക്കാൻ തയ്യാറായില്ലെങ്കിൽ സമാന്തര ഇടപെടലുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വിഡി സതീശൻ മുന്നറിയിപ്പ് നൽകി. സഭ ടിവി ഉന്നതാധികാര സമിതിയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങളുടെ രാജി വാര്‍ത്തക്ക് പിന്നാലെ പുതിയ അംഗങ്ങളെ സഭാ ടിവിയുടെ എഡിറ്റോറിയൽ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.

നിയമസഭാ നടപടികളുടെ തത്സമയ സംപ്രേഷണത്തിൽ പ്രതിപക്ഷ ദൃശ്യങ്ങൾ സെൻസര്‍ ചെയ്യുന്ന സഭാ ടിവി നടപടിയിൽ രണ്ട് തവണയാണ് വി ഡി സതീശൻ സ്പീക്കര്‍ക്ക് രേഖാ മൂലം പരാതി നൽകിയത്. ഫലമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പോലും കാണിക്കുന്നത് മന്ത്രിമാരുടെ മുഖമാണ്. സഭക്ക് അകത്തെ പ്രതിഷേധം പുറം ലോകത്തെ കാണിക്കാൻ തയ്യാറാകാത്ത നടപടിയിൽ പ്രതിഷേധിച്ച് നാല് യുഡിഎഫ് എംഎൽഎമാര്‍ സഭാ ടിവി ഉന്നതാധികാര സമിതിയിൽ നിന്ന് രാജി വച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കാനൊരുങ്ങുന്നത്.

ഇതിനിടെയാണ് നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായാണ് സഭാ ടിവിക്ക് പുതിയ എഡിറ്റോറിയൽ ബോര്‍ഡ് വരുന്നത്. കെ കുഞ്ഞുകൃഷ്ണൻ, ടി ടി പ്രഭാകരൻ, തനൂജ ഭട്ടതിരി, ബിന്ദു ഗണേഷ് കുമാര്‍, കെ മോഹൻകുമാര്‍, ഇ സനീഷ്, ഇ കെ മുഷ്താഖ്, ബി എസ് സുരേഷ് കുമാര്‍ എന്നിവരാണ് അംഗങ്ങൾ. സഭാ ടിവി പരിപാടികളുടെ ചിത്രീകരണ മേൽനോട്ടത്തിനാണ് സമിതി. നഷ്ട കണക്ക് പറഞ്ഞ് നേരത്തെ നിര്‍ത്തിയ ചിത്രീകരണമാണ് വീണ്ടും തുടങ്ങുന്നത്.

Back to top button
error: