KeralaNEWS

ആശുപത്രി ആക്രമണങ്ങളില്‍ പ്രതിഷേധം ശക്തം; ആരോഗ്യമേഖല സ്തംഭിപ്പിച്ച് പണിമുടക്ക്

തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം നടത്തുന്ന സമരം ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണു സമരം. ഐഎംഎയെ കൂടാതെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവരും സമരം നടത്തുന്നുണ്ട്.

സംസ്ഥാന വ്യാപക മെഡിക്കല്‍ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പങ്കെടുത്ത വന്‍ പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിച്ചു. മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കിനു മുന്നില്‍ നടന്ന ധര്‍ണ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹ് ഉദ്ഘാടനം ചെയ്തു.

അതേസമയഗ, ആശുപത്രി ആക്രമണങ്ങള്‍ക്കെതിരേ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് സംസ്ഥാനത്ത് ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാത്ത് വലഞ്ഞ് രോഗികളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഒപി ടിക്കറ്റ് കൊടുക്കുന്നുണ്ടെങ്കിലും ഡോക്ടര്‍ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നാണ് ജീവനക്കാര്‍ രോഗികളെ അറിയിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലും ഡോക്ടര്‍മാരുടെ സമരത്തില്‍ രോഗികള്‍ വലഞ്ഞു. ഒപി ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. നിരവധി ആളുകളാണു രാവിലെ തന്നെ ആശുപത്രിയില്‍ എത്തി കാത്തിരിക്കുന്നത്.

Back to top button
error: